പണ്ടു പണ്ടൊരിടത്ത് ഒരു ഗ്രാമത്തിൽ സത്യസന്ധനും ബുദ്ധിമാനുമായ ഒരാൾ ജീവിച്ചിരുന്നു. അയാളുടെ പേര് സത്യാനന്ദ് എന്നായിരുന്നു. ഒരിക്കലും കള്ളം പറയാത്ത അയാളുടെ സ്വഭാവം പ്രശസ്തമായിരുന്നു. അതുകൊണ്ടു തന്നെ ആ ഗ്രാമത്തിലെ ആൾക്കാർ സത്യാനന്ദിനെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ആ രാജ്യത്തിലെ രാജാവും ഗ്രാമവാസികളിൽ നിന്നും സത്യാനന്ദിനെ ക്കുറിച്ച് അറിയുവാൻ ഇടയായി. ഒരിക്കൽ പോലും കള്ളം പറയാത്ത സത്യാനന്ദിനെ നേരിട്ട് കാണാൻ തന്നെ രാജാവ് തീരുമാനിച്ചു. അദ്ദേഹം സത്യാനന്ദിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. രാജാവ് തന്നെ കാണണം എന്നറിയിച്ചതും അയാൾ ഉടൻ തന്നെ കൊട്ടാരത്തിലെത്തിലേക്ക് പുറപ്പെട്ടു. സത്യാനന്ദിനെ കണ്ടതും രാജാവ് ചോദിച്ചു
“നിങ്ങൾ ജീവിതത്തിൽ ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല എന്നു കേട്ടു ശരിയാണോ സത്യാനന്ദ് ?”
രാജാവിന്റെ ചോദ്യം കേട്ടതും സത്യാനന്ദ് പറഞ്ഞു.
“അല്ലയോ രാജാവേ, അങ്ങ് കേട്ടത് പൂർണമായും ശരിയാണ്. ഞാൻ ജീവിതത്തിൽ ഇതുവരെയും കള്ളം പറഞ്ഞിട്ടില്ല. ഇനി ഒരിക്കലും പറയുകയുമില്ല.”
ഇനി ഒരിക്കലും കള്ളം പറയുകയുമില്ല എന്ന സത്യാനന്ദിന്റെ പ്രസ്താവന രാജാവിന് അത്രത്തോളം ഇഷ്ടപ്പെട്ടില്ല. അതു കേട്ടതും രാജാവ് അദ്ദേഹത്തിനോട് പറഞ്ഞു
“ഒരിക്കലും കള്ളം പറയുകയില്ല എന്ന അങ്ങയുടെ തീരുമാനം വളരെ നല്ലതാണ്. പക്ഷെ ഒരു കാര്യം മറക്കരുത്. നമ്മുടെ നാവിൽ കള്ളം വളരെ എളുപ്പം കടന്നു വരും. അതുകൊണ്ട് ഇനി അങ്ങോട്ടും വളരെയധികം ശ്രദ്ധിക്കണം.”
ഇതും പറഞ്ഞു രാജാവ് സത്യാനന്ദിനെ പോകാൻ അനുവദിച്ചു.
സത്യാനന്ദ് തിരിച്ചു തന്റെ ഗ്രാമത്തിലേക്കു മടങ്ങി. കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും രാജാവ് അദ്ദേഹത്തിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.
കൊട്ടാരത്തിലെത്തിയ സത്യാനന്ദ് സൈനികർക്കൊപ്പം നായാട്ടിനു തയ്യാറായി നിൽക്കുന്ന രാജാവിനെയാണ് കണ്ടത്. സത്യാനന്ദിനെ കണ്ടതും രാജാവ് പറഞ്ഞു
“ഞാൻ നായാട്ടിനായി പോകുകയാണ്. നിങ്ങൾ ഒരു കാര്യം ചെയ്യണം. രാജ്ഞി ഇപ്പോൾ മറ്റൊരു കൊട്ടാരത്തിലാണ് ഉള്ളത്. നിങ്ങൾ അവിടെ പോയി രാജ്ഞിയോട് ഞാൻ ഇന്ന് നായാട്ടിനായി പോകുന്നുവെന്നും നാളെ ഉച്ചയോടെ അവിടെ എത്തുമെന്നും അറിയിക്കണം. മാത്രമല്ല നാളെ ഉച്ചയ്ക്ക് എനിക്കായി വിഭവ സമൃദ്ധമായ സദ്യ ഉണ്ടാക്കാനും പറയണം. ഞാൻ നായാട്ട് കഴിഞ്ഞു വന്നു നാളെ നമുക്കൊരുമിച്ചു ഭക്ഷണം കഴിക്കാം.”
രാജാവിന്റെ വാക്കുകൾ കേട്ട സത്യാനന്ദ് രാജ്ഞിയുടെ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. സത്യാനന്ദ് പോയി കഴിഞ്ഞതും രാജാവ് തന്റെ ഭടന്മാരോടായി ഇപ്രകാരം പറഞ്ഞു
“ഞാൻ ഇന്ന് നായാട്ടിനു പോകുന്നില്ല. മാത്രമല്ല ഞാൻ കൊട്ടാരത്തിലേക്കു നാളെ കഴിഞ്ഞേ പോകൂ. ഒരിക്കലും കള്ളം പറയില്ല എന്നു പറഞ്ഞ സത്യാനന്ദിനെ കൊണ്ട് കള്ളം പറയിപ്പിക്കുന്നതിനു വേണ്ടിയാണ് ഞാനിത് ചെയ്തത്.”
എന്നാൽ ബുദ്ധിമാനായ സത്യാനന്ദ് കൊട്ടാരത്തിലെത്തിയിട്ട് രാജ്ഞിയോട് ഇപ്രകാരം പറഞ്ഞു
“അല്ലയോ രാജ്ഞി ഞാൻ രാജാവിന്റെ ദൂതുമായി വന്നതാണ്. രാജാവ് ചിലപ്പോൾ ഇന്ന് വേട്ടയ്ക്ക് പോകുമായിരിക്കും. അങ്ങനെയാണെങ്കിൽ അതു കഴിഞ്ഞു നാളെ ഉച്ചയ്ക്ക് ചിലപ്പോൾ അദ്ദേഹം ഭോജനം കഴിക്കാൻ ഇവിടേക്ക് വരുമായിരിക്കും.”
ഇതുകേട്ട രാജ്ഞിക്കു ദേഷ്യമായി. അവർ സത്യാനന്ദിനോട് ചോദിച്ചു
“നിങ്ങൾ എന്താണ് പറയുന്നത് ? രാജാവ് ഇന്ന് നായാട്ടിനു പോയോ? നാളെ ഇവിടേയ്ക്ക് വരുമോ? രാജാവിന്റെ ദൂത് എന്താണെന്ന് വ്യക്തമായി പറയൂ.”
രാജ്ഞിയുടെ ചോദ്യം കേട്ടതും സത്യാനന്ദ് പറഞ്ഞു
“ക്ഷമിക്കണം രാജ്ഞി, അദ്ദേഹം ഇന്ന് നായാട്ടിനു പോകും എന്നാണ് എന്നോട് പറഞ്ഞത്. എന്നാൽ അദ്ദേഹം പോകുന്നത് ഞാൻ കണ്ടില്ല. രാജാവ് രഥത്തിന്റെ സമീപത്ത് നിൽക്കുന്നതാണ് ഞാൻ കണ്ടത്. നാളെ ഭക്ഷണം കഴിക്കാൻ വരുമെന്നും പറഞ്ഞു. എന്നാൽ അദ്ദേഹം രാജാവാണ്. എപ്പോൾ വേണമെങ്കിലും തന്റെ തീരുമാനം മാറ്റാൻ അദ്ദേഹത്തിന് അവകാശമുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം നായാട്ടിനു പോയോ എന്ന കാര്യത്തിലും നാളെ വരുമോ എന്ന കാര്യത്തിലും എനിക്ക് ഒരു ഉറപ്പും പറയാൻ കഴിയില്ല.”
സത്യാനന്ദിന്റെ മറുപടി കേട്ട രാജ്ഞിക്കു ഇയാൾ എന്തുകൊണ്ടാണ് ഇങ്ങനെ മറുപടി പറയുന്നതെന്ന് മനസ്സിലായില്ല. അതുകൊണ്ടുതന്നെ രാജ്ഞി സത്യാനന്ദിനോട് കൂടുതലൊന്നും ചോദിച്ചതും ഇല്ല.
എന്നാൽ ഇതൊന്നും അറിയാത്ത രാജാവാകട്ടെ തന്റെ പദ്ധതി പ്രകാരം വരുമെന്ന് അറിയിച്ചതിലും ഒരു ദിവസം കൂടി കഴിഞ്ഞാണ് എത്തിയത്. സത്യാനന്ദിനെ കൊണ്ട് കള്ളം പറയിപ്പിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു രാജാവിന്റെ വരവ്. രാജ്ഞിയെ കണ്ടതും
“സത്യസന്ധനായ സത്യാനന്ദ് താൻ ഇന്നലെ വരുമെന്ന് കള്ളം പറഞ്ഞുവോ?”
എന്ന് രാജാവ് തിരക്കി. രാജാവിന്റെ സന്തോഷത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ രാജ്ഞിക്ക് കാര്യം മനസിലായി. അപ്പോൾ രാജ്ഞി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“ഒരിക്കലുമില്ല പ്രഭു, അദ്ദേഹം ഒരു കള്ളവും പറഞ്ഞിട്ടില്ല. ബുദ്ധിമാനായ ഒരാൾ ഒരിക്കലും കള്ളം പറയുകയുമില്ല.”
ഇതുകേട്ട രാജാവ് അത്ഭുതപ്പെട്ടു. അദ്ദേഹം രാജ്ഞിയോട് സത്യാനന്ദ് എന്താണ് പറഞ്ഞതെന്ന് അന്വേഷിച്ചു. രാജ്ഞി സത്യാനന്ദ് പറഞ്ഞത് എന്താണെന്ന് രാജാവിനോട് വിശദീകരിച്ചു. ഇതുകേട്ട രാജാവിന് സത്യസന്ധനായ സത്യാനന്ദിന്റെ ബുദ്ധി സാമർഥ്യവും മനസിലായി. അദ്ദേഹം സത്യാനന്ദിന് തന്റെ സത്യസന്ധതയ്ക്കും ബുദ്ധി സാമർഥ്യത്തിനുമുള്ള പ്രതിഫലമായി ധാരാളം സമ്മാനങ്ങളും നൽകി യാത്രയാക്കി.
Read More Free Malayalam Kids Stories
English Summary: Free Malayalam kids story – The man who never lied. Explore a captivating free Malayalam kids story about a wise man who never tells a lie. When challenged by the king, his clever response leaves everyone astonished. Dive into this timeless tale of integrity and wit, perfect for children and adults alike.