Follow

Subscribe

ഒട്ടകവും വ്യാപാരിയും

Grandma Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ട് ഒരിടത്തു ഒരു വ്യാപാരി ജീവിച്ചിരുന്നു. ആ വ്യാപാരിക്ക് ഒരു ഒട്ടകം ഉണ്ടായിരുന്നു. അയാൾ ഈ ഒട്ടകത്തിന്റെ പുറത്തായിരുന്നു തന്റെ വ്യാപാര ആവശ്യത്തിനായുള്ള യാത്രകളെല്ലാം നടത്തിയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം തന്റെ ഒട്ടകവുമായി മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പകൽ മുഴുവൻ യാത്ര ചെയ്തു ക്ഷീണിച്ച ആ വ്യാപാരി രാത്രി ആയപ്പോൾ വിശ്രമിക്കാൻ തീരുമാനിച്ചു. എന്നാൽ മരുഭൂമിയിൽ അന്ന് രാത്രിയിൽ പതിവിലും തണുപ്പുണ്ടായിരുന്നു. മരുഭൂമിയിൽ ഒരു സത്രം അന്വേഷിക്കുന്നതിന്റെ ബുദ്ധിമുട്ടു അറിയാവുന്ന അയാൾ കൈയിൽ കരുതിയ ഒരു ചെറിയ കൂടാരം എടുത്തു അവിടെ തന്നെ കെട്ടി. കഷ്ടിച്ച് ഒരാൾക്ക് മാത്രം കിടക്കാവുന്ന വലുപ്പമേ ആ കൂടാരത്തിനു ഉണ്ടായിരുന്നുള്ളൂ. 

വ്യാപാരി തന്റെ ഒട്ടകത്തിനെ കൂടാരത്തിനു പുറത്തു കെട്ടിയിട്ടതിനു ശേഷം കൂടാരത്തിനുള്ളിൽ ഉറങ്ങാനായി കിടന്നു. കുറച്ചു സമയം കഴിഞ്ഞതും ആരോ വിളിക്കുന്നത് കേട്ട് ആ വ്യാപാരി ഉണർന്നു. അയാൾ പുറത്തിറങ്ങി ചുറ്റും നോക്കി. എന്നാൽ അവിടെയെങ്ങും അയാൾ ആരെയും കണ്ടില്ല. അപ്പോൾ ഒട്ടകം വ്യാപാരിയോട് പറഞ്ഞു 

“യജമാനാ, ഞാനാണ് അങ്ങയെ വിളിച്ചത്.”

ഇതു കേട്ട വ്യാപാരി ഒട്ടകത്തിനോട് കാര്യം എന്താണെന്ന് ചോദിച്ചു  

“യജമാനാ, പുറത്ത് നല്ല തണുപ്പാണ്. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഞാൻ എന്റെ തല ഈ കൂടാരത്തിനകത്ത് ഒന്നു വച്ചോട്ടെ?”

നല്ലവനായ ആ വ്യാപാരി ഒട്ടകത്തിനെ കൂടാരത്തിനകത്ത് തല വയ്ക്കാൻ അനുവദിച്ചു. എന്നിട്ട് അയാൾ പിന്നെയും ഉറങ്ങാനായി കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വീണ്ടും അതേ ശബ്ദം കേട്ട് അയാൾ ഉണർന്നു. അപ്പോൾ ആ ഒട്ടകം വീണ്ടും ചോദിച്ചു 

“യജമാനാ, പുറത്തെ തണുപ്പ് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ എന്റെ കാലുകൾ കൂടി ഈ കൂടാരത്തിനകത്ത് ഒന്നു വച്ചോട്ടെ?”

പാവം വ്യാപാരി അതും സമ്മതിച്ചു. അങ്ങനെ ആ ഒട്ടകം തന്റെ തലയും കാലുകളും ആ കൂടാരത്തിനകത്ത് വച്ചു. വ്യാപാരി ഉറങ്ങാനായും കിടന്നു. സമയം കടന്നു പോയി. ഒട്ടകത്തിന് തണുപ്പ് കാരണം അപ്പോഴും ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. തണുപ്പ് അസഹനീയമായപ്പോൾ ഒട്ടകം കരുതി 

“ഒരു കാര്യം ചെയ്യാം, ശരീരം കൂടി കൂടാരത്തിന്റെ അകത്തു കയറ്റാം. നല്ലവനായ യജമാനൻ തീർച്ചയായും സമ്മതിക്കും. അദ്ദേഹത്തിനെ ഉറക്കത്തിൽ നിന്നും ഉണർത്തേണ്ട ആവശ്യം ഇല്ല.”

അങ്ങനെ ഒട്ടകം തന്റെ ശരീരവും കൂടി കൂടാരത്തിനുള്ളിലേക്ക് കയറ്റി. കഷ്ടിച്ചു ഒരാൾക്ക് മാത്രം കിടക്കാവുന്ന ആ കൂടാരത്തിൽ ഒട്ടകവും കൂടി ആയപ്പോൾ വ്യാപാരിക്ക് കിടക്കാൻ ഇടം ഇല്ലാതായി. അപ്പോൾ ഒട്ടകം വ്യാപാരിയോട് പറഞ്ഞു 

“യജമാനാ, ഈ കൂടാരത്തിനകത്ത് നമുക്ക് രണ്ടു പേർക്കും കൂടി കിടക്കാൻ കഴിയില്ല. അതുകൊണ്ട് അങ്ങ് ദയവായി കൂടാരത്തിനു പുറത്തു കിടന്നു ഉറങ്ങൂ.” 

ഇതു കേട്ട വ്യാപാരിക്കു തന്റെ ക്ഷമ മുഴുവൻ നശിച്ചു. അയാൾ ആ ഒട്ടകത്തിനെ ചവിട്ടി കൂടാരത്തിനു പുറത്താക്കി. എന്നിട്ട് കൂടാരം നന്നായി മൂടി സുഖമായി കിടന്നുറങ്ങി.

ഗുണപാഠം

നമ്മൾ ദയയുള്ളവരായിരിക്കുക എന്നതു പോലെ തന്നെ പ്രധാനമാണ് ദയ കാട്ടുന്നതിൽ അതിർവരമ്പ് നിശ്ചയിക്കുക എന്നതും. ഇല്ലെങ്കിൽ നമ്മൾ കാണിക്കുന്ന ദയ മറ്റുള്ളവർ ദുരുപയോഗം ചെയ്തേക്കാം.

Read More Good Stories In Malayalam

English Summary: Good Stories In Malayalam – The Arab Merchant And The Camel
Explore a fantastic Malayalam story about an Arab and his camel in the desert. The Arab wanted to rest for the night, so he set up a tent. The camel, feeling cold, asked to put its head inside the tent. The Arab agreed. But as the night went on, the camel kept asking for more space first its neck, then legs, and eventually wanted the whole tent to itself! When the camel asked the Arab to sleep outside because there wasn’t enough room, the Arab got fed up and kicked the camel out, finally enjoying a peaceful sleep. This fun story teaches us about being kind yet knowing when to set limits.

Story Malayalam ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

2 Comments on ഒട്ടകവും വ്യാപാരിയും

  1. ഈ കഥ കുട്ടികളെ പഠിപ്പിക്കുന്നത് അത്ര നല്ല പാഠം ആയി തോനുന്നില്ല. രാവിലെ മുഴുവൻ ചൂടത്ത് നടന്ന ഒട്ടകത്തിന് രാത്രി സുഖമായി കിടക്കാൻ എല്ലാ അവകാശവും ഉണ്ട്.

    ഒട്ടകത്തിന്റെ ഉടമസ്ഥൻ എന്ന നിലയിൽ ഒട്ടകത്തിനും കൂടെ കിടക്കാൻ എന്തെങ്കിലും എടുക്കേണ്ടിരുന്നു.

    മറുപടി