ഒരിടത്തൊരു വൃദ്ധൻ ഉണ്ടായിരുന്നു. അയാൾ വളരെയധികം പിശുക്കൻ ആയിരുന്നു. പിശുക്കനായ അയാൾ ഒറ്റയ്ക്കൊരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പണികൾ ഒന്നും ചെയ്യാതെ തകർന്നു വീഴാറായ അവസ്ഥയിലായിരുന്നു ആ വീട്. കൂടാതെ വസ്ത്രത്തിനോ ആഹാരത്തിനോ വേണ്ടി പോലും അയാൾ പണം ചിലവഴിച്ചിരുന്നില്ല. മുഷിഞ്ഞതും കീറിയതുമായ പഴയ വസ്ത്രങ്ങൾ ആയിരുന്നു അയാൾ ധരിച്ചിരുന്നത്. ആഹാരത്തിനായി ചന്തയിൽ നിന്നും കേടാവുന്ന പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊണ്ടു വന്നു പാചകം ചെയ്തു കഴിക്കും. ഇത്തരത്തിൽ ഒരാവശ്യത്തിനും ചിലവഴിക്കാതെ അയാൾ തന്റെ സമ്പാദ്യങ്ങളെല്ലാം സ്വർണനാണയങ്ങളായി സൂക്ഷിച്ചിരുന്നു.
തന്റെ വീടിനോട് ചേർന്ന് വൃദ്ധന് ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അയാൾ കൂടുതൽ സമയവും ചിലവഴിച്ചത് ഈ പൂന്തോട്ടത്തിൽ തന്നെയായിരുന്നു. ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപും ഇയാൾ തന്റെ പൂന്തോട്ടത്തിലേക്ക് പോകും. അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം തന്റെ മുറിയിൽ ഉറങ്ങാനായി പോകുമായിരുന്നു. പിശുക്കന്റെ ഈ പ്രവൃത്തികൾ നാട്ടിലുള്ള ഒരു കള്ളൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം പതിവുപോലെ വൃദ്ധൻ ഉറങ്ങുന്നതിനു മുൻപ് തന്റെ പൂന്തോട്ടത്തിലെത്തി. കുറച്ചുനേരം അവിടെ ഇരുന്നതിനു ശേഷം അയാൾ പതിയെ എഴുന്നേറ്റ് പൂന്തോട്ടത്തിൽ അധികം ആരും ശ്രദ്ധിക്കാത്ത ഒരു കോണിൽ ചെന്ന് നിന്നു. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കിയ ശേഷം പതിയെ നിലത്തിരുന്ന് മണ്ണ് മാറ്റാൻ തുടങ്ങി. എന്നിട്ടു ആ മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന ഒരു തുണി സഞ്ചി പുറത്തെടുത്തു. തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തിയതിനു ശേഷം അയാൾ പതിയെ ആ തുണിസഞ്ചി തുറന്നു.
ആ സഞ്ചി നിറയെ സ്വർണനാണയങ്ങൾ ആയിരുന്നു. പിശുക്കന്റെ പ്രവൃത്തികൾ നിരീക്ഷിക്കാറുണ്ടായിരുന്ന കള്ളൻ പൂന്തോട്ടത്തിലുള്ള ഒരു മരത്തിന്റെ മറവിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. സഞ്ചിയിൽ നിറയെ സ്വർണനാണയങ്ങൾ കണ്ട കള്ളൻ അത്ഭുതപ്പെട്ടു.
“അപ്പോൾ ഈ പിശുക്കൻ പൂന്തോട്ടത്തിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനുള്ള കാരണം ഇതാണ്.”
കള്ളൻ പിറുപിറുത്തു.
ഈ സമയം വൃദ്ധൻ തന്റെ സഞ്ചിയിലിരുന്ന സ്വർണനാണയങ്ങളെല്ലാം പുറത്തെടുത്തു എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു.
“ഓഹോ അപ്പോൾ ഉറങ്ങുന്നതിനു മുൻപ് ദിവസവും അയാൾ തന്റെ സ്വർണനാണയങ്ങൾ നോക്കാനാണ് പൂന്തോട്ടത്തിൽ വരുന്നത്. അതെന്തായാലും സ്വർണനാണയങ്ങൾ പൂന്തോട്ടത്തിൽ കുഴിച്ചിട്ടിരിക്കുന്നത് നന്നായി. തനിക്ക് എടുക്കുവാനും എളുപ്പമുണ്ട്.”
എന്നും പറഞ്ഞ് കള്ളൻ മനസ്സിൽ ഊറിചിരിച്ചു .
വൃദ്ധൻ പതിവുപോലെ തന്റെ സ്വർണനാണയങ്ങൾ എല്ലാം എണ്ണി തിട്ടപ്പെടുത്തി സഞ്ചിയിലാക്കി. അതിനുശേഷം തിരികെ കുഴിയിൽ വച്ച് മണ്ണിട്ടു മൂടി. എന്നിട്ട് ഉറങ്ങുവാനായി തന്റെ മുറിയിലേക്ക് പോയി. ഇതേസമയം കള്ളൻ വൃദ്ധൻ ഉറങ്ങുന്നതുവരെ അവിടെ കാത്തിരുന്നു. അതിനുശേഷം പൂന്തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന സഞ്ചിയും കൈക്കലാക്കി അവിടെ നിന്നും സ്ഥലംവിട്ടു.
ഇതൊന്നുമറിയാതെ രാവിലെ ഉറക്കമുണർന്ന വൃദ്ധൻ പതിവുപോലെ പൂന്തോട്ടത്തിൽ എത്തി. സ്വർണനാണയങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമെത്തിയപ്പോൾ അവിടത്തെ മണ്ണിളകി കിടക്കുന്നതു കണ്ട പിശുക്കൻ ഞെട്ടി. അയാൾ അവിടെയിരുന്ന് മണ്ണ് മുഴുവൻ മാറ്റി നോക്കി. അവിടെ കുഴിച്ചിട്ടിരുന്ന അയാളുടെ സ്വർണനാണയങ്ങൾ അടങ്ങിയ സഞ്ചിയും കാണാനുണ്ടായിരുന്നില്ല.
വൃദ്ധൻ ഉറക്കെ കരയാൻ തുടങ്ങി. അയാളുടെ കരച്ചിൽ കേട്ട് ഒരു അയൽക്കാരൻ അവിടേക്ക് വന്നു.
“എന്തിനാണ് നിങ്ങൾ ഇത്ര രാവിലെ ഈ പൂന്തോട്ടത്തിൽ ഇരുന്ന് കരയുന്നത് ?”
അയാൾ അന്വേഷിച്ചു.
“എന്റെ സമ്പാദ്യം മുഴുവൻ സ്വർണനാണയങ്ങളാക്കി ഞാനീ പൂന്തോട്ടത്തിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ ഏതോ കള്ളൻ അതു മോഷ്ടിച്ചു കൊണ്ടുപോയി.
വൃദ്ധൻ പറഞ്ഞു.
ഇതുകേട്ട് അയൽക്കാരൻ ചോദിച്ചു
“നിങ്ങളെന്തിനാണ് സമ്പാദ്യം മുഴുവൻ ഇങ്ങനെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടത് ? അത് വീട്ടിനകത്ത് സൂക്ഷിക്കാത്തത് എന്താണ്?”
“അത് വീട്ടിനകത്താകുമ്പോൾ ആരെങ്കിലും കാണുകയോ മോഷ്ടിക്കുകയോ ചെയ്താലോ എന്ന് കരുതിയാണ് ഞാൻ അത് പൂന്തോട്ടത്തിൽ കുഴിച്ചിട്ടത്.”
എന്ന വൃദ്ധന്റെ മറുപടി കേട്ട അയൽക്കാരന് വീണ്ടും സംശയമായി.
“നിങ്ങളെന്തു കൊണ്ടാണ് ഈ പണമെല്ലാം ഉണ്ടായിട്ടും അതുകൊണ്ട് വീട് വൃത്തിയാക്കാനോ നല്ല വസ്ത്രം വാങ്ങാനോ നല്ല ആഹാരം കഴിക്കാനോ ഒന്നിനും വിനിയോഗിക്കാത്തത് ?”
ഇതുകേട്ട വൃദ്ധൻ ഞെട്ടലോടെ ചോദിച്ചു
“എന്ത് ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ എന്റെ സമ്പാദ്യം ചിലവാക്കാനോ? എന്റെ പണം ഞാനൊരിക്കലും ചിലവാക്കാൻ ഉദ്ദേശിച്ചിരുന്നില്ല.”
ഇതുകേട്ട അയൽക്കാരൻ പറഞ്ഞു
“അങ്ങനെയാണെങ്കിൽ നിങ്ങളുടെ നഷ്ടമായ സ്വർണത്തിന് ഇവിടെ കിടക്കുന്ന പാറക്കഷ്ണങ്ങളുടെ വിലയല്ലേ ഉള്ളൂ. നിങ്ങളൊരിക്കലും ചിലവാക്കാൻ പോകാത്ത ആ സമ്പാദ്യം നഷ്ടപ്പെട്ടതിനെ കുറിച്ച് പിന്നെ എന്തിനാണ് വിഷമിക്കുന്നത്.”
ഇതും പറഞ്ഞ് അയൽക്കാരൻ തന്റെ വീട്ടിലേക്ക് പോയി. പിശുക്കൻ അപ്പോഴും തന്റെ നഷ്ടപ്പെട്ട സ്വർണത്തെക്കുറിച്ച് ഓർത്ത് ആ പൂന്തോട്ടത്തിലിരുന്നു കരഞ്ഞു കൊണ്ടിരുന്നു.
ഗുണപാഠം
ഏതൊരു വസ്തുവായാലും നാം ഉപയോഗിക്കുമ്പോൾ മാത്രമാണ് അതിനു മൂല്യം ഉണ്ടാകുന്നത്.
Read More Kids Stories In Malayalam
- ആനയും തയ്യൽക്കാരനും
- അത്യാഗ്രഹിയായ സിംഹം
- സിംഹവും എലിയും
- സൂത്രശാലിയായ കുറുക്കൻ
- പൂച്ചയ്ക്കൊരു മണികെട്ടാം
English Summary: The Miser And His Gold, kids moral stories in Malayalam
Nice story 👌
Thank you 😊
I LIKE THIS STORY IT WAS GREAT AND SUPER.
Thank you Ameya 😊
Ennik ee khada vallare ishtapettu enikk schooliloru khada parayal masarumundu athinu njan ithanu paryan pokunnath
Thank you Anna 😊, wish you all the best. മുടങ്ങാതെ കഥകൾ വായിക്കൂ.
Junu kuttykkk eee story vallare ishttamayi
Thank you Junu 😊
Valre nalla gunapadangal ulla khad very nice
Thank you 😊
എനിക്ക് ഈ കഥ വളരെ ഇഷ്ടപ്പെട്ടു. ഒരു പാട് ചിന്തിക്കാനുള്ള സന്ദർഭങ്ങൾ ഈ കഥയിലുണ്ട്
വളരെ ശെരിയാണ് പറഞ്ഞത്, കുഞ്ഞുങ്ങൾ ചിന്തിച്ചു വളരട്ടെ 😊