Follow

Subscribe

ഉറുമ്പും പുൽച്ചാടിയും

Aesop's Fables

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

ഒരിടത്തൊരിടത്തൊരു മനോഹരമായ പൂന്തോട്ടം ഉണ്ടായിരുന്നു. ഈ പൂന്തോട്ടത്തിൽ ഒരു ഉറുമ്പും ഒരു പുൽച്ചാടിയും ജീവിച്ചിരുന്നു. അവർ നല്ല സുഹൃത്തുക്കളായിരുന്നു. അവർ ഒരുമിച്ച് കളിച്ചുല്ലസിച്ച് ആ പൂന്തോട്ടത്തിൽ കഴിഞ്ഞു.

അങ്ങനെയിരിക്കുമ്പോൾ വേനൽക്കാലമായി. ഉറുമ്പ് കഠിനാധ്വാനി ആയിരുന്നു. അതുകൊണ്ടു തന്നെ വേനൽക്കാലമായപ്പോഴേക്കും  ഉറുമ്പ് തന്റെ വീട് ശരിയാക്കാനും ധാന്യമണികൾ ശേഖരിക്കാനും തുടങ്ങി. എന്നാൽ പുൽച്ചാടി അലസനും മടിയനും ആയിരുന്നു. അപ്പോഴും കിട്ടുന്ന ആഹാരം മുഴുവൻ  അവൻ കഴിച്ചുതീർത്തു. ബാക്കി സമയം മുഴുവൻ പാട്ടുപാടി നടന്നും ഉറങ്ങിയും തീർത്തു. ഇതു കണ്ട ഉറുമ്പ് തന്റെ സുഹൃത്തിനോട് പറഞ്ഞു

“നീയിങ്ങനെ പാട്ടുംപാടി നടന്നാൽ വർഷക്കാലം വരുമ്പോൾ എന്ത് ചെയ്യും? വർഷകാലത്തേക്ക് വേണ്ടി എന്തെങ്കിലും കരുതി വയ്ക്കൂ.”

എന്നാൽ പുൽച്ചാടി തന്റെ സുഹൃത്ത് പറഞ്ഞത് കേട്ട ഭാവം പോലും നടിച്ചില്ല. അവൻ പഴയതു പോലെ കളിച്ചുല്ലസിച്ച് നടന്നു.

വേനൽക്കാലം കഴിഞ്ഞപ്പോൾ മഴക്കാലം വന്നു. ഒന്നു പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമായി. ഉറുമ്പ് ഈ സമയം താൻ ശേഖരിച്ചു വച്ച ധാന്യമണികളും കഴിച്ചു തന്റെ വീട്ടിൽ സുഖമായിരുന്നു. എന്നാൽ പുൽച്ചാടിക്ക് മഴ നനയാതെ ഇരിക്കാൻ വീട് പോലും ഉണ്ടായിരുന്നില്ല. മഴയത്ത് പുൽച്ചാടിയുടെ വീട് ഒലിച്ചു പോയിരുന്നു. കനത്തമഴയിൽ പുറത്തിറങ്ങി ആഹാരം തേടാനും കഴിയുമായിരുന്നില്ല. അതോടെ അവൻ മഴ നനഞ്ഞും വിശന്നും അവശനായി.

ഈ സമയത്ത്  പുൽച്ചാടി ഉറുമ്പ് പറഞ്ഞത് ചിന്തിച്ചു.

“അന്ന് തന്റെ സുഹൃത്ത് പറഞ്ഞത് കേട്ടിരുന്നെങ്കിൽ തനിക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.” 

അവൻ സ്വയം പറഞ്ഞു.

ഒടുവിൽ പുൽച്ചാടി മറ്റൊരു വഴിയും ഇല്ലാതെ തന്റെ സുഹൃത്തിനോട് തന്നെ അഭയം ചോദിക്കാൻ തീരുമാനിച്ചു. അവൻ ഉറുമ്പിന്റെ വീട്ടിലേക്ക് പോയി. ഉറുമ്പിനെ കണ്ടതും പുൽച്ചാടി ചോദിച്ചു

“സുഹൃത്തേ, എനിക്ക് വിശപ്പ് സഹിക്കാൻ വയ്യ മഴനനയാതെ ഒന്നിരിക്കാൻ വീടുമില്ല എന്നെ സഹായിക്കാമോ?” 

 പുൽച്ചാടിയുടെ അവസ്ഥകണ്ട് വിഷമം തോന്നിയ ഉറുമ്പ് അവനെ മഴക്കാലം തീരുന്നതുവരെ തന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ചു. കൂടാതെ ഉറുമ്പ് ശേഖരിച്ചു വച്ചിരുന്ന  ധാന്യമണികളിൽ നിന്നും പുൽച്ചാടിയ്ക്കു കഴിക്കാൻ ആവശ്യമായതു നൽകുകയും ചെയ്തു. 

മഴ നനഞ്ഞും വിശന്നും മരിക്കുമായിരുന്ന തന്നെ സഹായിച്ച ഉറുമ്പിനോട് പുൽച്ചാടി ഇപ്രകാരം പറഞ്ഞു.

“സുഹൃത്തേ, എന്നെ സഹായിച്ചതിന് നന്ദി. ഞാൻ ഇനി ഒരിക്കലും പഴയതുപോലെ മടിയനായി ഇരിക്കുകയില്ല.”

മഴക്കാലം കഴിഞ്ഞതും പുൽച്ചാടി ഉറുമ്പിനോടൊപ്പം ആഹാരം ശേഖരിക്കാനും വീട് പണിയാനും തുടങ്ങി. ബാക്കി സമയം മാത്രം അവൻ കളിക്കാനായി വിനിയോഗിച്ചു.

ഗുണപാഠം

ഇന്ന് ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം ഭാവിയിൽ നമുക്ക്  തീർച്ചയായും ലഭിക്കും.

Enjoyed The Children Story In Malayalam? Read More

English Summary: The Ant And The Grasshopper, children story in Malayalam

Ameya Jithesh ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

4 Comments on ഉറുമ്പും പുൽച്ചാടിയും