Follow

Subscribe

വേടനും പ്രാവുകളും

Panchatantra Stories, Moral Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരു കാട്ടിൽ നിരവധി പ്രാവുകൾ പാർത്തിരുന്നു. അവർ വളരെ ഐക്യത്തോടെയും  സ്നേഹത്തോടെയും ആയിരുന്നു അവിടെ കഴിഞ്ഞത്. ദിവസവും രാവിലെ അവർ ഒരുമിച്ചു പോയി ധാന്യമണികളും ശേഖരിച്ചു വൈകുന്നേരത്തോടെ കൂട്ടിലേക്ക്‌ മടങ്ങുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കാട്ടിലൂടെ വരുകയായിരുന്ന ഒരു വേടൻ ഇതു കാണാനിടയായി. പ്രാവുകൾ കൂട്ടമായി പോകുന്നത് കണ്ട വേടൻ പറഞ്ഞു 

“ഇതു കൊള്ളാമല്ലോ ഒരു കൂട്ടം പ്രാവുകൾ. മൃഗങ്ങളെ വേട്ടയാടുന്നതിനോടൊപ്പം ഈ പ്രാവുകളെ കൂടി കിട്ടിയാൽ ചന്തയിൽ കൊണ്ടു പോയി വിൽക്കാം. ധാരാളം കാശും കിട്ടും. നാളെ തന്നെ ഒരു കെണി വയ്ച്ചു ഈ പ്രാവുകളെയെല്ലാം പിടിക്കണം.”

ഇതൊന്നും അറിയാത്ത പ്രാവുകൾ അടുത്ത ദിവസവും പതിവു പോലെ ധാന്യമണികൾ ശേഖരിക്കുവാനായി കൂട്ടിൽ നിന്നും ഇറങ്ങി. അപ്പോൾ അവർ കാട്ടിൽ കുറച്ചകലെയായി കുറേ ധാന്യമണികൾ കിടക്കുന്നതു കണ്ടു. ഇതു കണ്ട പ്രാവുകൾ അങ്ങോട്ടേക്ക് പറക്കാനായി ഒരുങ്ങി. അപ്പോൾ കൂട്ടത്തിലെ ഒരു പ്രായമായ പ്രാവ് പറഞ്ഞു 

“നിങ്ങൾ അങ്ങോട്ടേക്ക് പോകരുത്. ഈ ചുറ്റുവട്ടത്ത് പാടമൊന്നും കാണ്മാനില്ല. അതുകൊണ്ടു തന്നെ ഇത്രയും ധാന്യങ്ങൾ ഇവിടെ വരാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല.  ഇത് ചിലപ്പോൾ എന്തെങ്കിലും കെണിയാകാൻ സാധ്യത ഉണ്ട്.”

എന്നാൽ മറ്റു പ്രാവുകളൊന്നും ആ പ്രാവിന്റെ വാക്കുകൾ  കേട്ടില്ല. അവർ പറഞ്ഞു 

“ഇവിടെ എന്ത്‌ കെണിയാണ് ? ഇന്നാണ് കുറച്ചു അടുത്തായി ധാന്യമണികൾ കിട്ടിയത്. ഞങ്ങൾ എന്തായാലും അതെടുക്കുവാൻ പോകുകയാണ്.”

ഇതും പറഞ്ഞു ആ പ്രാവുകളെല്ലാം ധാന്യമണികൾ എടുക്കുവാനായി പോയി. എന്നാൽ ആ പ്രായമായ പ്രാവാകട്ടെ പറന്നു അടുത്തുള്ള ഒരു മരക്കൊമ്പിൽ പോയിരുന്നു മറ്റു പ്രാവുകളെയും നിരീക്ഷിച്ചു കൊണ്ടിരുന്നു. ആ പ്രാവുകൾ മറ്റൊന്നും ശ്രദ്ധിക്കാതെ ധാന്യമണികൾ കൊത്തി എടുക്കാൻ തുടങ്ങി. എന്നാൽ ധാന്യമണികളും കൊണ്ടു പറക്കാൻ തുടങ്ങിയപ്പോഴാണ് അവർ അപകടം മനസ്സിലാക്കിയത്. വേടൻ അവർക്കായി അവിടെ വല വിരിച്ചിരുന്നു. അതുകൊണ്ടു തന്നെ അവർക്കു പറന്നുയരാൻ സാധിക്കുമായിരുന്നില്ല. അവർ ഓരോരുത്തരും പല വിധത്തിലും വലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അവരുടെ ശ്രമങ്ങളെല്ലാം വിഫലമായി. ഈ സമയം അവിടെ മറഞ്ഞു നിന്ന വേടൻ പുറത്തു വന്നു. 

ഇത്രയധികം പ്രാവുകൾ ഒരുമിച്ചു വലയിൽ കുടുങ്ങിയതു കണ്ട വേടൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവൻ ഈ പ്രാവുകളെയെല്ലാം കൊണ്ടു പോകുന്നതിനു വേണ്ടി കൈയിൽ കരുതിയ കൂട് എടുക്കുന്നതിനായി പോയി. അപ്പോൾ അയാളുടെ മനസ്സിൽ മുഴുവൻ ഈ പ്രാവുകളെയെല്ലാം വിറ്റു കിട്ടുന്ന കാശ് മാത്രമായിരുന്നു. വേടൻ കൂട് എടുക്കാനായി പോയതും മരക്കൊമ്പിലിരുന്ന പ്രായമായ പ്രാവ് ഉടൻ തന്നെ പറന്നു വലയിൽ കുടുങ്ങിയ പ്രാവുകളുടെ അരികിലെത്തി. ആ പ്രാവിനെ കണ്ടതും മറ്റു പ്രാവുകൾ കരയാൻ തുടങ്ങി. അവർ പറഞ്ഞു 

“ഞങ്ങൾ നിങ്ങളുടെ വാക്ക് കേട്ടില്ല. ഞങ്ങളോട് ക്ഷമിക്കൂ. ദയവായി വേടൻ വരുന്നതിനു മുൻപ് ഇവിടെ നിന്നു  രക്ഷപെടാൻ ഒരു ഉപായം പറഞ്ഞു തരൂ.”

ഇതു കേട്ടതും ആ പ്രായമായ പ്രാവ് പറഞ്ഞു 

“നിങ്ങൾ ഈ വലയിൽ നിന്നും രക്ഷപ്പെടുന്നതിനായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് ശ്രമിക്കുന്നത് ആദ്യം നിർത്തുക. എന്നിട്ടു സർവ്വ ശക്തിയുമെടുത്ത് ഒരുമിച്ചു പറക്കാൻ ശ്രമിക്കൂ. അപ്പോൾ നിങ്ങൾക്ക് തീർച്ചയായും പറന്നുയരാൻ സാധിക്കും.”

ഈ സമയം വേടൻ കൂടുമായി വരുന്നത് കണ്ട പ്രാവ് വീണ്ടും പറന്ന് മരക്കൊമ്പിൽ പോയിരുന്നു. വേടൻ വലയുടെ അടുത്തെത്തിയപ്പോൾ കണ്ടത് വലയുമായി പറന്നുയരുന്ന പ്രാവുകളെയാണ്. ഇതു കണ്ട വേടൻ ഞെട്ടി. ഇതെങ്ങനെ സംഭവിച്ചു എന്ന് വേടന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. 

എന്നാൽ അപ്പോഴേക്കും വലയുമായി പറന്നുയർന്ന പ്രാവുകളെയെല്ലാം കൊണ്ട് ആ പ്രായമായ പ്രാവ് തന്റെ സുഹൃത്തായ ഒരു എലിയുടെ മാളത്തിലേക്ക് പോയി. എലി ഉടൻതന്നെ തന്റെ മൂർച്ചയുള്ള പല്ലുകൾ കൊണ്ട് വലക്കണ്ണികൾ മുറിച്ചു ആ പ്രാവുകളെയെല്ലാം സ്വാതന്ത്രരാക്കി. അങ്ങനെ വേടൻ വിരിച്ച വലയിൽ നിന്നും രക്ഷപെട്ട പ്രാവുകൾ തങ്ങളെ സഹായിച്ച സുഹൃത്തായ പ്രാവിനും എലിക്കും നന്ദി പറഞ്ഞു. അപ്പോൾ ആ പ്രായമായ പ്രാവ് അവരോടായി പറഞ്ഞു 

“സുഹൃത്തുക്കളേ, ഒത്തൊരുമ ഉണ്ടെങ്കിൽ ഈ ലോകത്തിൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ല. ഇപ്പോൾ നിങ്ങളെ വേടന്റെ വലയിൽ നിന്നും രക്ഷിച്ചതും ആ ഒത്തൊരുമ തന്നെയാണ്.”

അങ്ങനെ ആ പ്രാവുകൾ ഒത്തൊരുമയോടെയും സന്തോഷത്തോടെയും പിന്നെയും ഒരുപാട് നാൾ ആ കാട്ടിൽ കഴിഞ്ഞു.

ഗുണപാഠം

ഒത്തൊരുമ ഉണ്ടെങ്കിൽ ഏതു കഠിനമായ കാര്യവും നമുക്ക് സാധ്യമാണ്

വേടനും പ്രാവുകളും കഥ കേൾക്കാം

Read More Stories for Kids

English Summary: Discover the power of unity in “Unity is Strength,” a captivating Malayalam short story for kids. Follow a wise old pigeon and its flock as they face a perilous trap. Through teamwork and cooperation, they overcome adversity, proving that together, they are stronger. This heartwarming tale is a wonderful way to instill values of friendship and unity in young hearts.

Leave a Comment


2 Comments on വേടനും പ്രാവുകളും