Follow

Subscribe

അത്യാഗ്രഹിയായ കാക്ക

Grandma Stories (മുത്തശ്ശിക്കഥകൾ)

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടു പണ്ടൊരിടത്ത് ഒരു ചെറിയ രാജ്യമുണ്ടായിരുന്നു. അവിടത്തെ രാജാവും പ്രജകളുമെല്ലാം വളരെ ദയാലുക്കളായിരുന്നു. അവർ പക്ഷികളെയും മൃഗങ്ങളെയുമെല്ലാം വളരെയധികം സ്നേഹിച്ചിരുന്നു. അതുകൊണ്ടു തന്നെ അവർ തങ്ങളുടെ വീടുകളിൽ പക്ഷികൾക്കു താമസിക്കാനായി ഒരിടം നൽകിയിരുന്നു. പക്ഷികൾ സന്തോഷത്തോടെയും സമാധാനത്തോടെയും  അവരുടെ വീടുകളിൽ കഴിഞ്ഞു. ഒരിക്കലും പക്ഷികൾ ദയാലുക്കളായ തങ്ങളുടെ യജമാനരെ ബുദ്ധിമുട്ടിച്ചിരുന്നില്ല. അവർ തന്റെ യജമാനരോട് വളരെയധികം നന്ദിയുള്ളവരും ആയിരുന്നു. 

ഈ രാജ്യത്തിലെ ഒരു പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു നല്ലവനായ ഒരു പ്രാവ് താമസിച്ചിരുന്നത്. പ്രാവ് ആഹാരത്തിനായി തന്റെ പ്രഭുവിനെ ഒരിക്കലും ബുദ്ധിമുട്ടിച്ചിരുന്നില്ല. അത് രാവിലെ തന്നെ ഉണർന്ന് പുറത്തു പോയി ധാന്യങ്ങളും ശേഖരിച്ച് വൈകിട്ടോടെ തന്റെ വീട്ടിൽ തിരിച്ചെത്തുമായിരുന്നു. പ്രഭുവിന് പ്രാവിനെ വളരെയധികം ഇഷ്ടവും വിശ്വാസവുമായിരുന്നു.

 ഇതേ രാജ്യത്ത് മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്തനായി ഒരു കാക്ക ഉണ്ടായിരുന്നു. സൂത്രശാലിയും കാപട്യം നിറഞ്ഞവനുമായിരുന്നു കാക്ക. അവൻ എപ്പോഴും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുക പതിവായിരുന്നു.  അതുകൊണ്ടു തന്നെ അവനെ മറ്റു പക്ഷികളൊന്നും അവരോടൊപ്പം ചേർത്തിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ കാക്ക ഒരു ദിവസം പ്രഭുവിന്റെ കൊട്ടാരം കാണാനിടയായി. അവൻ കൊട്ടാരത്തിനു ചുറ്റും ഒന്ന് പറന്നു നോക്കി. അടുക്കളയിൽ പാചകക്കാരൻ പല തരത്തിലുള്ള ആഹാരങ്ങൾ ഉണ്ടാക്കുകയായിരുന്നു. ഇതു കണ്ട് കൊതി സഹിക്കാനാവാതെ കാക്ക എങ്ങനെയും കൊട്ടാരത്തിനുള്ളിൽ കയറിപറ്റണമെന്ന്  ആഗ്രഹിച്ചു.

“ഈ കൊട്ടാരത്തിൽ കയറിയാൽ അധ്വാനിക്കാതെ സുഖമായി ജീവിക്കാം. ദിവസവും കൊട്ടാരത്തിലെ പാചകക്കാരൻ രുചികരമായ ആഹാരം ഉണ്ടാക്കും. അവരറിയാതെ അതിൽ നിന്നും കുറച്ചെടുത്ത് കഴിക്കാം. അപ്പോൾ തനിക്ക് ആഹാരം തേടി നടക്കേണ്ട ആവശ്യവും ഉണ്ടാവുകയില്ല. “

കാക്ക ഇങ്ങനെ ചിന്തിച്ചു നിൽക്കേ  ഒരു പ്രാവ് കൊട്ടാരത്തിൽ നിന്ന് പറന്നു പോകുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു. പ്രാവിന്റെ താമസം അവിടെയാണെന്നു മനസ്സിലാക്കിയ കാക്ക എങ്ങനെയും പ്രാവുമായി ചങ്ങാത്തം കൂടി കൊട്ടാരത്തിൽ കടന്നു കൂടാൻ തീരുമാനിച്ചു. അതിനായി കാക്കയുടെ പിന്നീടുള്ള ശ്രമം. ദിവസവും പ്രാവിന്റെ പുറകെ കാക്കയും പറക്കാൻ തുടങ്ങി. പല ദിവസങ്ങളായി കാക്ക തന്നെ പിന്തുടരുന്നത് കണ്ട പ്രാവ് ഒരു ദിവസം കാക്കയോട് ചോദിച്ചു

“അല്ലയോ കാക്കേ, നീ എന്തിനാണിങ്ങനെ എന്നെ പിന്തുടരുന്നത്?”

പ്രാവിനുള്ള മറുപടിയായി കാക്ക പറഞ്ഞു

“നീ എത്ര നല്ല പക്ഷിയാണ്. ഒരുപാട് നല്ല ഗുണങ്ങളുള്ള നിന്നെ പിന്തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിലൂടെ എനിക്കും നിങ്ങളുടെ നല്ല ഗുണങ്ങൾ കണ്ടു പഠിക്കാൻ കഴിയുമല്ലോ.”

തന്റെ പ്രശംസ കേട്ട് സന്തുഷ്ടനായ പ്രാവ് തന്റെ വരുതിയിലായെന്നു മനസ്സിലാക്കിയ കാക്ക തുടർന്നിപ്രകാരം പറഞ്ഞു.

“നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ നിങ്ങളോടൊപ്പം കുറച്ചു ദിവസം താമസിച്ചു കുറേക്കൂടി നല്ല കാര്യങ്ങൾ പഠിക്കാമായിരുന്നു”. 

സൂത്രശാലിയായ കാക്കയുടെ വാക്കുകളിൽ ഭ്രമിച്ച നല്ലവനായ പ്രാവ് ഒരു നിമിഷം ചിന്തിച്ചു. എന്നിട്ടിപ്രകാരം പറഞ്ഞു.

“നിങ്ങൾ എന്നിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഞാൻ നിന്നെ എന്നോടൊപ്പം കൊട്ടാരത്തിൽ കൊണ്ടു പോകുന്നതായിരിക്കും. പക്ഷേ എന്റെ പ്രഭുവിനെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കരുത്. അദ്ദേഹം വളരെയധികം സ്നേഹവും ദയയുമുള്ള ആളാണ്. അതുപോലെ തന്നെ തെറ്റ് ചെയ്യുന്നവരോട് പ്രഭു ഒരിക്കലും ക്ഷമിക്കുകയുമില്ല.”

എന്ന് പ്രാവ് കാക്കയ്ക്ക് മുന്നറിയിപ്പു നൽകി. അപ്പോൾ കാക്ക കൗശലപൂർവ്വം

“സുഹൃത്തേ, നീ വിഷമിക്കേണ്ട ഞാനൊരു തെറ്റും ചെയ്യുകയില്ല. നിനക്ക് എന്നെ പൂർണമായും വിശ്വസിക്കാം”

എന്ന് പ്രാവിന് ഉറപ്പു നൽകി.

കാക്കയെ വിശ്വസിച്ച പ്രാവ് അന്ന് വൈകുന്നേരം തന്നെ കാക്കയെയും കൂട്ടി കൊട്ടാരത്തിലെ തന്റെ കൂട്ടിലേക്ക് പോയി. രാത്രി മുഴുവൻ പിറ്റേന്ന് കഴിക്കാൻ പോകുന്ന വിഭവങ്ങൾ മാത്രമായിരുന്നു കാക്കയുടെ മനസ്സിൽ. രാവിലെ പ്രാവ് പതിവു പോലെ ആഹാരം തേടി പുറപ്പെടാൻ തയ്യാറായി. അടുക്കളയിൽ പാചകക്കാരൻ തയ്യാറാക്കുന്ന വിഭവങ്ങളും നോക്കിയിരുന്ന കാക്ക പ്രാവിനോട് പറഞ്ഞു. 

 “സുഹൃത്തേ, എനിക്ക് നല്ല സുഖം തോന്നുന്നില്ല. ഞാൻ അല്പം വിശ്രമിക്കാൻ ആഗ്രഹിക്കുന്നു. അതിനുശേഷം ഞാൻ നിങ്ങളുടെ അടുത്തേക്ക് വരാം.”

പ്രാവ് സുഹൃത്തിനെ വിശ്രമിക്കാന്‍ അനുവദിച്ചിട്ട് പറന്നു പോയി.

പ്രാവ് പോയി കഴിഞ്ഞപ്പോൾ കാക്ക പതിയെ അടുക്കളയിലേക്ക് പോയി. അവിടെ ഭക്ഷണങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു പാചകക്കാരൻ. ഒരവസരത്തിനായി കാക്ക അടുക്കളയിൽ കൊതിയോടെ കാത്തിരുന്നു.  പാചകക്കാരൻ പച്ചക്കറികൾ ശേഖരിക്കാനായി പച്ചക്കറിത്തോട്ടത്തിലേക്ക് പോയപ്പോൾ തക്കം പാർത്തിരുന്ന കാക്ക ഉടൻതന്നെ അടുക്കളയിലേക്ക് പറന്നു. അത്യാഗ്രഹിയായ കാക്ക മീൻ വറുത്തു വച്ചത് പാത്രത്തോടെ തന്നെ തന്റെ കൂർത്ത ചുണ്ടു കൊണ്ട് എടുത്തു പറക്കാൻ ശ്രമിച്ചു. എന്നാൽ ഭാരം കാരണം ആ പാത്രം നിലത്തുവീണു. ശബ്ദം കേട്ട് അടുക്കളയിലെത്തിയ പാചകക്കാരൻ കാക്കയെ കൈയോടെ പിടിച്ചു തന്റെ പ്രഭുവിന്റെ മുന്നിലെത്തിച്ചു. 

കാക്കയുടെ മോഷണം അറിഞ്ഞ പ്രഭു അതീവ കോപാകുലനായി. കാക്കയുടെ തൂവലുകൾ പിഴുതെടുക്കാൻ ഭൃത്യനോട് ആജ്ഞാപിച്ചു. 

അത്യാഗ്രഹിയായ കാക്കയ്ക്ക് അങ്ങനെ തന്റെ തെറ്റിനുള്ള ശിക്ഷയും ലഭിച്ചു. അത്യാഗ്രഹം എങ്ങനെ ഒരാളുടെ പതനത്തിന് കാരണമാകുമെന്നു എന്ന് കാക്കയുടെ കഥയിലൂടെ കൂട്ടുകാർക്ക് മനസ്സിലായി കാണുമല്ലോ?

ഗുണപാഠം

നമ്മൾ ഒരിക്കലും അത്യഗ്രഹം കാണിക്കരുത്. അത്യാഗ്രഹം നമ്മുടെ നാശത്തിന് കാരണമാകുന്നതാണ്.

Enjoyed The Kids Malayalam Story? Read More

English Summary: The Greedy Crow, Kids Malayalam story

Leave a Comment

6 Comments on അത്യാഗ്രഹിയായ കാക്ക

    • Thank you Aneesha! 😊 കൂടുതൽ കഥകൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഉടൻതന്നെ പബ്ലിഷ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

      മറുപടി