Follow

Subscribe

അന്നയും കുറുനരിയും

Grandma Stories (മുത്തശ്ശിക്കഥകൾ)

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

ഒരിടത്ത് അപ്പു എന്നു പേരുള്ള ഒരു കുസൃതിക്കുട്ടൻ ഉണ്ടായിരുന്നു. അവൻ എല്ലാവരോടും വളരെയധികം സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്. എന്നാൽ പരിചയം ഇല്ലാത്തവരോടും അപ്പു സംസാരിക്കുകയും അടുത്തിടപഴകുകയും ചെയ്തു. അപ്പുവിന്റെ ഈ സ്വഭാവം അമ്മയിൽ വളരെയധികം ഭയമുണ്ടാക്കി. അവനെ ഈ സ്വഭാവത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അമ്മ പലതരത്തിലും ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. അപ്പോഴാണ് അമ്മ തന്റെ മുത്തശ്ശി തനിക്ക് പറഞ്ഞു തന്ന അന്നയുടെയും കുറുനരിയുടെയും കഥ ഓർമിച്ചത്. കഥ കേൾക്കാൻ ഇഷ്ടമുള്ള അപ്പുവിന് അമ്മ ആ കഥ പറഞ്ഞു കൊടുത്തു.

ഒരിടത്തൊരു സുന്ദരിയായ പെൺകുട്ടി ഉണ്ടായിരുന്നു. അന്ന എന്നായിരുന്നു അവളുടെ പേര്. അവൾ വളരെ സുന്ദരിയും സ്നേഹശീലയും ആയിരുന്നു. ഒരു ദിവസം കുഞ്ഞ് അന്നയോട് അവളുടെ അമ്മ പറഞ്ഞു 

“ഞാൻ കുറച്ചു പലഹാരം ഉണ്ടാക്കുന്നുണ്ട് അതുകൊണ്ട് മുത്തശ്ശിയുടെ വീട്ടിൽ കൊടുക്കണം. പക്ഷേ വഴിയിൽ അപരിചിതരെ കാണുകയാണെങ്കിൽ അവരോട് സംസാരിക്കാനൊന്നും നിൽക്കരുത്.” 

അന്ന ആരോടും സംസാരിക്കില്ല എന്ന് തന്റെ അമ്മയ്ക്ക് വാക്കും കൊടുത്തിട്ട്  പലഹാരങ്ങളുമായി വീട്ടിൽ നിന്നും പുറപ്പെട്ടു. 

അന്ന മുത്തശ്ശിക്കുള്ള പലഹാരങ്ങളുമായി പോകവേ വഴിയിൽ ഒരു ദുഷ്ടനായ കുറുനരിയെ കണ്ടു. ആ കുറുനരി അവളോട് ചോദിച്ചു

“നീ എങ്ങോട്ടാണ് പോകുന്നത് ?”

അവൾ തന്റെ അമ്മ പറഞ്ഞ കാര്യം മറന്നു പോയി. അവൾ കുറുനരിയോട് താൻ മുത്തശ്ശിയുടെ വീട്ടിൽ ആണ് പോകുന്നതെന്ന് പറഞ്ഞു. സൂത്രശാലിയായ കുറുനരി അവളിൽ നിന്നും മുത്തശ്ശിയുടെ വീട്ടിലേക്കുള്ള വഴിയും ചോദിച്ച് മനസ്സിലാക്കി. ഇത് കേൾക്കേണ്ട താമസം ആ കുറുനരി അവളുടെ  മുത്തശ്ശിയുടെ വീട്ടിലേക്ക് പാഞ്ഞു. മുത്തശ്ശിയുടെ വീട്ടിൽ എത്തിയ കുറുനരി വാതിൽ തട്ടി. വാതിൽ തുറന്ന മുത്തശ്ശിയെ കൈകൾ ബന്ധിപ്പിച്ച് അലമാരയിൽ പൂട്ടിയിട്ടു. അതിനുശേഷം മുത്തശ്ശിയുടെ വസ്ത്രവും ധരിച്ച് അന്നയെയും കാത്ത് കട്ടിലിൽ കിടന്നു.

മുത്തശ്ശിയുടെ വീട്ടിൽ എത്തിയ അന്ന വാതിൽ തുറന്ന് മുത്തശ്ശി കിടക്കുന്ന കട്ടിലിനടുത്തെത്തി. മുത്തശ്ശിയുടെ കട്ടിലിനരികിലെത്തിയ അന്ന മുത്തശ്ശിയുടെ വലിയ കണ്ണുകളും വലിയ ചെവികളും വലിയ പല്ലുകളും കണ്ട് സംശയിക്കുന്നു. 

“എന്താ മുത്തശ്ശിക്ക് വലിയ കണ്ണുകൾ ആയത് ?”

 അന്ന ചോദിച്ചു.

ഉടൻതന്നെ മുത്തശ്ശിയുടെ വേഷമിട്ട കുറുനരി പറഞ്ഞു 

“നിന്നെ നന്നായി കാണുവാൻ വേണ്ടിയാണ്.”

“മുത്തശ്ശിയുടെ ചെവികൾ എന്താ വലുതായത് ?”

എന്നായി അന്നയുടെ അടുത്ത ചോദ്യം.

“നീ പറയുന്നത് നന്നായി കേൾക്കുവാൻ വേണ്ടിയാണ്.”

 എന്ന് കുറുനരി മറുപടി പറഞ്ഞു.

 “എന്തിനാ മുത്തശ്ശിയുടെ പല്ലുകൾ വലുതായത് ?” 

എന്നായി അവളുടെ ചോദ്യം.

“നന്നായി ഭക്ഷണം കഴിക്കുന്നതിന്.” 

എന്ന് മറുപടി പറഞ്ഞ കുറുനരി അവളുടെ നേരെ ചാടി വീണു.

കുറുനരിയാണ് അതെന്ന് മനസ്സിലാക്കിയ അന്ന ഉടനെ ഭയന്നു നിലവിളിച്ചു. കാട്ടിൽ മരം മുറിച്ചു കൊണ്ടിരുന്ന രണ്ട് മരം വെട്ടുകാർ അവളുടെ നിലവിളി കേട്ട് മുത്തശ്ശിയുടെ വീട്ടിലേക്ക് ഓടിയെത്തി. അവർ അവിടെ കണ്ട കുറുനരിയെ അടിച്ചോടിക്കുകയും അലമാരയിൽ നിന്നും മുത്തശ്ശിയെ പുറത്തെടുക്കുകയും ചെയ്തു. സന്തോഷത്തോടെ മുത്തശ്ശി അന്നയെ കെട്ടിപ്പിടിച്ചു. മരം വെട്ടുകാർക്ക് അവരിരുവരും നന്ദി പറഞ്ഞു. എന്നാൽ പിന്നീട് ഒരിക്കലും അന്ന പരിചയമില്ലാത്തവരോട് സംസാരിച്ചില്ല.

കഥ പറഞ്ഞു നിർത്തിയ അമ്മ അപ്പുവിനോട്  പറഞ്ഞു

“കണ്ടില്ലേ അപരിചിതരോട് സംസാരിക്കരുത് എന്ന് പറഞ്ഞിട്ടും അനുസരിക്കാത്ത അന്നയ്ക്കു സംഭവിച്ചത്.” 

അപ്പുവിന് തന്റെ തെറ്റ് മനസ്സിലായി അവൻ അമ്മയോട് പറഞ്ഞു

“അമ്മേ, ഇനിയൊരിക്കലും ഞാൻ പരിചിതരല്ലാത്തവരോട് സംസാരിക്കുകയോ അടുത്തിടപഴകുകയോ ചെയ്യില്ല”.

ഗുണപാഠം

അപരിചിതരുമായുള്ള സമ്പർക്കം നമ്മെ പലപ്പോഴും അപകടത്തിൽ കൊണ്ടെത്തിക്കും

Enjoyed The Kids Malayalam Story? Read More

English Summary: Anna And The Wolf, Kids Malayalam story

GOPIKA ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

13 Comments on അന്നയും കുറുനരിയും