വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്നു കൃഷ്ണദേവരായർ. അദ്ദേഹത്തിന് തൻ്റെ മാതാവിനെ വളരെ ഇഷ്ടമായിരുന്നു. കടുത്ത ദൈവ വിശ്വാസിയായിരുന്നു ആ മാതാവ്. അവർ ദിവസവും പ്രാർത്ഥനയ്ക്കും മറ്റുമായി ഒരുപാട് സമയം മാറ്റി വച്ചിരുന്നു. മാത്രമല്ല അവർ പുരോഹിതന്മാരെ വളരെയധികം ബഹുമാനിച്ചിരുന്നു. അവരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കാണുകയും അവർക്ക് ധാരാളം ദാനങ്ങൾ നല്കുകയും ചെയ്തു. ഒരു ദിവസം ആ രാജമാതാവ് രാജാവിനോട് പറഞ്ഞു
“മകനെ, എനിക്ക് ബ്രാഹ്മണർക്ക് മാമ്പഴം ദാനമായി നൽകാൻ ആഗ്രഹമുണ്ട്.”
തൻ്റെ മാതാവിൻ്റെ ആഗ്രഹം അറിഞ്ഞ രാജാവ് അത് സാധിച്ചു കൊടുക്കാൻ തന്നെ തീരുമാനിച്ചു. ഉടൻതന്നെ അദ്ദേഹം ഭടന്മാരെ വിളിച്ചു ആഞ്ജാപിച്ചു.
“എത്രയും വേഗം രാജ്യത്തിൽ നിന്ന് കിട്ടാവുന്നതിൽ ഏറ്റവും നല്ല മാമ്പഴങ്ങൾ ശേഖരിച്ചു കൊണ്ടുവരുക.”
എന്നാൽ ഭടന്മാർ മാമ്പഴങ്ങളുമായി എത്തുന്നതിനു മുൻപ് തന്നെ ആ രാജമാതാവ് മരണപ്പെട്ടു.
പെട്ടെന്നുള്ള മാതാവിൻ്റെ മരണം രാജാവിനെ വളരെയധികം ദുഃഖിതനാക്കി. ദിവസങ്ങൾ കടന്നു പോയിട്ടും രാജാവ് തൻ്റെ മാതാവിൻ്റെ വേർപാടിൽ നിന്നും മുക്തനായില്ല. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവിന് തൻ്റെ മാതാവിൻ്റെ അവസാനത്തെ ആഗ്രഹത്തെക്കുറിച്ച് ഓർമ വന്നു. അത് രാജാവിൻ്റെ ദുഃഖം ഇരട്ടിയാക്കി. ഏതു വിധേനയും മാതാവിൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തന്നെ രാജാവ് തീരുമാനിച്ചു. അതിലൂടെ തൻ്റെ മാതാവിന് അത്മശാന്തി കിട്ടുമെന്നും രാജാവ് വിശ്വസിച്ചു. ഇതിനായി രാജാവ് പുരോഹിതന്മാരെ സഭയിലേക്ക് വിളിച്ചു വരുത്തി. ആവരോട് ഇപ്രകാരം പറഞ്ഞു.
“എന്റെ മാതാവ് പുരോഹിതർക്ക് മാമ്പഴം ദാനം നൽകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ ആഗ്രഹം സാധിക്കാതെയാണ് മാതാവിൻ്റെ മരണം സംഭവിച്ചത്. അവസാനമായി മാതാവ് തന്നോട് ആവശ്യപ്പെട്ട ആ ആഗ്രഹം സാധിച്ചു കൊടുത്താൽ മാത്രമേ മാതാവിന് ആത്മശാന്തി ലഭിക്കൂ എന്നു ഞാൻ വിശ്വസിക്കുന്നു. അതിനായി ഞാൻ എന്താണ് ചെയ്യേണ്ടത്?”
രാജാവ് പറയുന്നത് കേട്ട പുരോഹിതന്മാരുടെ ഉള്ളിൽ അത്യാഗ്രഹം കടന്നുകൂടി. അവർ ഒരു നിമിഷം ആലോചിച്ചതിനു ശേഷം രാജാവിനോട് പറഞ്ഞു
“അല്ലയോ പ്രഭു, രാജമാതാവിന് സഫലമാക്കാൻ കഴിയാത്ത അവസാനത്തെ ആഗ്രഹം പൂർത്തീകരിക്കാൻ ഒരു ഉപായം ഉണ്ട് “
ഇതുകേട്ട രാജാവ് ആകാംഷയോടെ പുരോഹിതന്മാരോട് പറഞ്ഞു
“ആ ഉപായം എന്തു തന്നെയായാലും എന്നോട് പറഞ്ഞാലും. ഞാനത് മാതാവിന് വേണ്ടി നിറവേറ്റുക തന്നെ ചെയ്യും.”
ഇതുകേട്ട പുരോഹിതന്മാർ ഉടൻതന്നെ രാജാവിനോട് പറഞ്ഞു
“പ്രഭു, മാമ്പഴത്തിനു പകരം ബ്രാഹ്മണർക്ക് സ്വർണ മാമ്പഴം ദാനം നൽകിയാൽ തീർച്ചയായും രാജമാതാവിന് അത്മശാന്തി കിട്ടുന്നതായിരിക്കും.”
സ്വർണ മാമ്പഴം എന്ന് കേട്ടപ്പോൾ രാജാവ് ഒന്ന് അമ്പരന്നു. എന്നാലും മാതാവിൻ്റെ അവസാനത്തെ ആഗ്രഹം സഫലമാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ രാജാവ് മറ്റൊന്നും ചിന്തിക്കാതെ അതു സമ്മതിച്ചു. അടുത്ത ദിവസം തന്നെ സ്വർണ മാമ്പഴം ദാനം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി പുരോഹിതന്മാരെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ വിവരമെല്ലാം അറിഞ്ഞ തെനാലിരാമൻ അത്യാഗ്രഹികളായ പുരോഹിതന്മാരെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചു. അതിനായി അദ്ദേഹം പുരോഹിതന്മാരെ ചെന്നു കണ്ടു. എന്നിട്ട് അവരോട് പറഞ്ഞു
“അല്ലയോ പുരോഹിതന്മാരെ അടുത്ത ദിവസം എന്റെ മാതാവിൻ്റെ ചരമവാർഷികമാണ്. മരണത്തിനു മുൻപ് മാതാവിൻ്റെ ഒരു ആഗ്രഹം സഫലമാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആ ആഗ്രഹം പൂർത്തീകരിക്കാൻ പുരോഹിതന്മാർക്ക് ദാനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ദാനത്തിലൂടെ എൻ്റെ മാതാവിന് ആത്മശാന്തി കിട്ടുമെന്നും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് നാളെ നിങ്ങൾ എന്റ വീട്ടിൽ വന്നു ദാനം സ്വീകരിക്കണം എന്ന് അഭ്യർഥിക്കാനാണ് ഞാൻ വന്നത്.”
ഇതു കേട്ടതും അത്യാഗ്രഹികളായ പുരോഹിതന്മാർ തെനാലിരാമനോട് പറഞ്ഞു
“തീർച്ചയായും ഞങ്ങൾ അങ്ങയുടെ വീട്ടിൽ വരുന്നതായിരിക്കും. പക്ഷെ രാവിലെ രാജാവിന്റെ കൈയിൽനിന്നും ദാനം സ്വീകരിക്കേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ അവിടേക്കു വരാൻ സാധിക്കുകയുള്ളൂ.”
തെനാലിരാമൻ പുരോഹിതന്മാരുടെ ആവശ്യം അംഗീകരിച്ചു. സന്തോഷത്തോടെ അവിടെ നിന്നും പോയി.
തെനാലിരാമൻ പോയി കഴിഞ്ഞതും പുരോഹിതന്മാർ പരസ്പരം പറഞ്ഞു
“നാളെ നമുക്ക് വളരെ നല്ല ദിവസമാണ്. രാജാവിന്റെ കൈയിൽ നിന്നും തെനാലി രാമന്റെ കൈയിൽ നിന്നും കാര്യമായി തന്നെ കിട്ടും. അതുകൊണ്ട് കുറേ നാൾ സുഖമായി കഴിയാം.”
എന്നിട്ടവർ നാളെ അവരെ തേടിവരാൻ പോകുന്ന സൗഭാഗ്യത്തെയും സ്വപ്നം കണ്ടു ആ ദിവസം കഴിച്ചു കൂട്ടി. പിറ്റേന്നു രാവിലെ തന്നെ അവർ രാജാവിനെ കാണാൻ പോയി. രാജാവിന്റെ കൈയിൽ നിന്നും സ്വർണ മാമ്പഴവും വാങ്ങി തെനാലി രാമന്റെ വീട്ടിലേക്കു യാത്രയായി.
തന്റെ വീട്ടിലെത്തിയ പരോഹിതന്മാരെ തെനാലിരാമൻ വേണ്ടവിധം സ്വീകരിച്ചു. എന്നിട്ടു ദാനം സ്വീകരിക്കാൻ കാത്തിരുന്ന അവരോട് പറഞ്ഞു
“എന്റെ മാതാവിന് കാലിൽ വാതരോഗമായിരുന്നു. മാതാവിൻ്റെ അവസാന നാളുകളായപ്പോൾ വാതരോഗം മൂർച്ഛിച്ചു. മാതാവിന് കാൽവേദന സഹിക്കാൻ പറ്റാതെ വരുമ്പോൾ ഇരുമ്പു കമ്പി ചൂടാക്കി കാലിൽ വച്ചു കൊടുക്കാൻ അവശ്യപ്പെടുമായിരുന്നു. എന്നാൽ ഞാൻ ഒരിക്കലും അതു ചെയ്തില്ല. മാതാവിൻ്റെ ആ അവസാനത്തെ ആഗ്രഹം സാധിക്കാൻ നിങ്ങൾ എന്നെ അനുവദിക്കണം.”
ഇതുകേട്ടതും പുരോഹിതന്മാർ പരസ്പരം നോക്കി. എന്നിട്ട് തെനാലിരാമനോട് ചോദിച്ചു
“ഞങ്ങൾക്ക് എങ്ങനെയാണ് നിങ്ങളുടെ മാതാവിൻ്റെ ഈ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയുന്നത്?”
പുരോഹിതന്മാരുടെ ഈ ചോദ്യം കേട്ട് തെനാലി രാമൻ ഉടൻതന്നെ ചൂടാക്കാൻ വച്ചിരുന്ന ഇരുമ്പുകമ്പി കാണിച്ചു കൊടുത്തു. എന്നിട്ടു അവരോട് പറഞ്ഞു
“മാതാവിൻ്റെ ആ ആഗ്രഹം സഫലമാകാൻ നിങ്ങൾ എന്നെ സഹായിക്കണം. ഞാനിപ്പോൾ ഈ ഇരുമ്പുകമ്പി നിങ്ങളുടെ കാലുകളിൽ വയ്ക്കാൻ പോകുകയാണ്. അതിലൂടെ എന്റെ മാതാവിന് ആത്മശാന്തിയും കിട്ടും.”
തെനാലി രാമൻ കാലിൽ ചൂട് ഇരുമ്പു കമ്പി വയ്ക്കുമെന്നു ഭയന്ന പുരോഹിതന്മാർ തെനാലിരാമനോട് പറഞ്ഞു
“അല്ലയോ തെനാലിരാമ അങ്ങെന്താണ് ഈ പറയുന്നത്? ഇതൊരിക്കലും സാധ്യമല്ല. ചൂട് ഇരുമ്പുകമ്പി ഞങ്ങളുടെ കാലിൽ വച്ചാൽ എങ്ങനെയാണ് നിങ്ങളുടെ മാതാവിൻ്റെ ആത്മാവിനു ശാന്തി കിട്ടുന്നത്?”
പുരോഹിതന്മാർ പറയുന്നത് കേട്ട തെനാലിരാമൻ അവരോട് പറഞ്ഞു
“രാജമാതാവിൻ്റെ അവസാനത്തെ ആഗ്രഹം രാജാവ് സ്വർണ മാമ്പഴം ദാനം ചെയ്യുന്നതിലൂടെ സഫലമാകുമെങ്കിൽ എന്റെ മാതാവിൻ്റെ ആഗ്രഹവും തീർച്ചയായും ഈ ചുട്ടു പഴുത്ത ഇരുമ്പുകമ്പി നിങ്ങളുടെ കാലുകളിൽ വയ്ക്കുന്നതിലൂടെ സഫലമാകും.”
ബുദ്ധിശാലിയായ തെനാലി രാമൻ തങ്ങളെ തന്ത്രപൂർവം കുടുക്കിയതാണെന്ന് മനസ്സിലാക്കിയ പുരോഹിതന്മാർ ഉടൻതന്നെ തെനാലി രാമൻ്റെ കാൽക്കൽ വീണു മാപ്പ് അപേക്ഷിച്ചു. ഇനി ഒരിക്കലും ഈ തെറ്റു ആവർത്തിക്കുകയില്ലെന്നു ഉറപ്പു നൽകുകയും ചെയ്തു. മാത്രമല്ല അവർ രാജാവിന്റെ കൈയിൽ നിന്നും വാങ്ങിയ സ്വർണ മാമ്പഴവും തിരികെ ഏൽപ്പിച്ചു. രാജാവിന് ആ സ്വർണ മാമ്പഴങ്ങൾ തിരികെ നൽകി കൊണ്ട് തെനാലിരാമൻ രാജാവിനോട് പറഞ്ഞു.
“അല്ലയോ പ്രഭു, നമ്മൾ ദാനം ചെയുന്നത് വളരെ മഹത്തരമായ കാര്യമാണ്. പക്ഷെ നമ്മൾ ചെയുന്ന ഈ സൽകർമ്മം വളരെ ബുദ്ധിപൂർവം ആയിരിക്കണം. ഉചിതമായ കൈകളിലാണ് ഇത് എത്തിചേരുന്നത് എന്നു ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.”
രാജാവിന് തന്റെ അബദ്ധം മനസിലായി. ഇനി ദാനം ചെയ്യുമ്പോൾ തീർച്ചയായും ശ്രദ്ധിക്കുമെന്നു തെനാലി രാമന് ഉറപ്പും നൽകി. മാത്രമല്ല തെനാലിരാമന്റെ ബുദ്ധിശക്തിയിൽ അതീവ സന്തുഷ്ടനായ രാജാവ് ധാരാളം സ്വർണനാണയങ്ങൾ അദ്ദേഹത്തിന് സമ്മാനമായി നൽകുകയും ചെയ്തു.
Read More Kids Stories (Malayalam Kathakal)
- കുഞ്ഞിക്കിളി
- തെനാലിരാമന്റെ കുതിര
- ആപ്പിൾ മരത്തിലെ ഹൃദയം
- തൊപ്പി വില്പ്നക്കാരനും കുരങ്ങൻമാരും
- അത്യാഗ്രഹിയായ കാക്ക
English Summary: Malayalam Katha – The Greedy Brahmins
Experience the tale of Thenali Raman and the greedy Brahmins in the captivating Malayalam Katha, The Greedy Brahmins.