പണ്ടു പണ്ട് ഒരു കാട്ടിൽ ഒരു ചെറിയ തടാകം ഉണ്ടായിരുന്നു. ഈ തടാകത്തിൽ ആയിരുന്നു സംസാര പ്രിയനായിരുന്ന ഒരു ആമ താമസിച്ചിരുന്നത്. ഈ ആമ ആവശ്യത്തിനും അനാവശ്യത്തിനും എപ്പോഴും സംസാരിക്കുക പതിവായിരുന്നു. അതുകൊണ്ട് തന്നെ തടാകത്തിൽ വരുന്ന എല്ലാ ജീവജാലങ്ങളോടും അവൻ എപ്പോഴും സംസാരിച്ചു കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ രണ്ടു കൊക്കുകൾ ആ തടാകത്തിൽ വന്നെത്തി. ആമ വളരെ വേഗം തന്നെ അവരുമായി ചങ്ങാത്തത്തിലായി. അവൻ ദിവസവും മതിവരുവോളം അവരുമായി സംസാരിച്ചു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
അങ്ങനെയിരിക്കെ ആ കാട്ടിൽ കടുത്ത വരൾച്ച വന്നു. ആ വർഷം കാട്ടിൽ മഴ പെയ്തതേയില്ല. തടാകത്തിലെ വെള്ളവും വറ്റാൻ തുടങ്ങി. തടാകത്തിലെ വെള്ളം കുറയാൻ തുടങ്ങിയതും അതിന് ചുറ്റും ഉണ്ടായിരുന്ന ജീവികളെല്ലാം പുതിയ വാസസ്ഥലം തേടി പോയി. കൊക്കുകളും പോകാൻ തന്നെ തീരുമാനിച്ചു. അവർ തങ്ങളുടെ സുഹൃത്തായ ആമയോട് പറഞ്ഞു.
“സുഹൃത്തേ, ഞങ്ങളും മറ്റൊരു തടാകത്തിലേക്ക് പോകുകയാണ്. ഈ സാഹചര്യത്തിൽ ഇനി ഇവിടെ നിൽക്കാൻ കഴിയില്ല. ഞങ്ങൾ നിന്നോട് യാത്ര ചോദിക്കാനാണ് വന്നത്. വരൾച്ച കഴിഞ്ഞു തടാകത്തിൽ പഴയതു പോലെ വെള്ളം നിറയുമ്പോൾ ഞങ്ങൾ തിരിച്ചു വരും. അപ്പോൾ നമുക്ക് വീണ്ടും കാണാം.”
ഇതു കേട്ടതും ആമയ്ക്ക് വിഷമം സഹിക്കാനായില്ല. അവൻ കൊക്കുകളോട് ചോദിച്ചു
“നിങ്ങൾക്ക് എങ്ങനെയാണ് എന്നെ ഈ തടാകത്തിൽ തനിച്ചാക്കി പോകാൻ കഴിയുന്നത്? കുറച്ചു ദിവസങ്ങൾ കൂടി കഴിയുമ്പോൾ തടാകത്തിലെ ബാക്കിയുള്ള വെള്ളവും വറ്റും. ആഹാരം കിട്ടാതെ ഞാൻ എങ്ങനെ ജീവിക്കും? നമുക്കിനി ഒരിക്കലും കാണാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”
ആമയുടെ വാക്കുകൾ കേട്ട കൊക്കുകൾ പറഞ്ഞു
“എന്തു ചെയ്യാൻ സുഹൃത്തേ, നിനക്ക് ഞങ്ങളെ പോലെ പറക്കാൻ കഴിയില്ലലോ. അതുകൊണ്ടു തന്നെ നിന്നെ കൂടെ കൊണ്ടു പോകാനും സാധിക്കുകയില്ല.”
ഇതു കേട്ടതും ആമ പറഞ്ഞു.
“എന്റെ പക്കൽ ഒരു ഉപായം ഉണ്ട്. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞാനത് പറയാം.”
ഇതു കേട്ടതും കൊക്കുകൾ പറഞ്ഞു
“നിന്നെ കൂടെ കൊണ്ടു പോകാൻ സാധിക്കുമെങ്കിൽ തീർച്ചയായും ഞങ്ങൾ കൊണ്ടു പോകും. നീ ഉപായം എന്താണെന്ന് പറയൂ.”
ആമ ഉടൻ തന്നെ തന്റെ സുഹൃത്തുക്കളോട് പറഞ്ഞു.
“ഒരു നീളമുള്ള മരക്കൊമ്പ് എടുത്തു അതിന്റെ രണ്ടറ്റവും നിങ്ങൾ കടിച്ചു പിടിക്കണം. ഞാൻ എന്റെ വായ് കൊണ്ട് അതിന്റെ മധ്യഭാഗത്തായി കടിച്ചു പിടിച്ചിരിക്കും. അപ്പോൾ നിങ്ങൾ എന്നെയും കൊണ്ട് പറക്കണം.”
ആമയുടെ ഉപായം കൊക്കുകൾക്ക് ഇഷ്ടപ്പെട്ടു. പക്ഷേ സംസാരപ്രിയനായ അവനെ ഇപ്രകാരം കൊണ്ടു പോകാൻ അവർ ആഗ്രഹിച്ചില്ല. അതുകൊണ്ട് കൊക്കുകൾ ആമയോട് പറഞ്ഞു
“സുഹൃത്തേ, നിന്റെ ഉപായം നല്ലതു തന്നെയാണ്. സംസാരപ്രിയനായ നിന്നെയും കൊണ്ടു ഇങ്ങനെ പോയാൽ അതു ശരിയാകുമെന്നു ഞങ്ങൾക്ക് തോന്നുന്നില്ല. നീ അബദ്ധത്തിൽ സംസാരിക്കാൻ വായ് തുറന്നാൽ അതു വലിയൊരു അപകടത്തിനു കാരണമാകും.”
കൊക്കുകളുടെ മറുപടി കേട്ട് ആമ പറഞ്ഞു
“നിങ്ങൾ അതിനെക്കുറിച്ച് ഭയപ്പെടേണ്ട. ഞാൻ ഒരിക്കലും വായ് തുറന്ന് സംസാരിച്ചു അപകടം ക്ഷണിച്ചു വരുത്തുകയില്ല. നിങ്ങൾ ദയവായി എന്നെയും നിങ്ങളോടൊപ്പം കൊണ്ടുപോകൂ.”
ആമയുടെ വാക്കുകൾ വിശ്വസിച്ച കൊക്കുകൾ പറഞ്ഞു.
“ഞങ്ങൾ തീർച്ചയായും നിന്നെ കൂടെ കൊണ്ടു പോകാം. പക്ഷേ വായ് തുറന്നാൽ ഉണ്ടാകാവുന്ന അപകടം വീണ്ടും ഓർമ്മിപ്പിക്കുകയാണ്. അതുകൊണ്ട് ഒരു കാരണവശാലും സംസാരിക്കരുത്.”
ഇതും പറഞ്ഞ് അവർ ഒരു മരക്കൊമ്പ് സംഘടിപ്പിച്ചു അതിന്റെ രണ്ടറ്റവും പിടിച്ചു. സമയം കളയാതെ ആമയും മരക്കൊമ്പിന്റെ മധ്യഭാഗത്തായി കടിച്ചു പിടിച്ചു. ഉടൻ തന്നെ കൊക്കുകൾ ആമയുമായി പറന്നുയർന്നു. അതുവരെ താഴെ നിന്നു മാത്രം കാഴ്ചകൾ കണ്ട ആമയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. വലിയ മരങ്ങളും മൃഗങ്ങളുമെല്ലാം ചെറുതായി കാണുന്നു. ഉയരത്തിൽ നിന്നു ഇങ്ങനെ തന്റെ ജീവിതത്തിൽ ഒരിക്കൽ പോലും കാഴ്ച കാണാൻ കഴിയുമെന്ന് ആമ കരുതിയിരുന്നില്ല. അവന് തന്റെ സന്തോഷം എല്ലാവരെയും വിളിച്ചറിയിക്കണം എന്നു തോന്നി. എന്നാൽ വായ് തുറന്നാലുള്ള അപകടം ഓർത്തു അവൻ മിണ്ടാതിരുന്നു.
അവർ പറന്നു ഒരു ഗ്രാമത്തിന്റെ മുകളിലെത്തി. അപ്പോഴും ആമ കാഴ്ചകൾ കണ്ടു രസിച്ചിരിക്കുകയായിരുന്നു. എന്നാൽ ചില ഗ്രാമവാസികൾ ഇത് കാണാനിടയായി. അവർക്ക് കൊക്കുകൾ എന്താണ് കൊണ്ടു പോകുന്നത് എന്ന് മനസിലായില്ല. അവർ അങ്ങനെയൊരു കാഴ്ച ആദ്യമായി കാണുകയായിരുന്നു. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു
“ഇതെന്താണ് കൊക്കുകൾ കൊണ്ടു പോകുന്നത്? കണ്ടിട്ട് ഒരു തുണിക്കെട്ടാണെന്നു തോന്നുന്നു.”
ഇതു കേട്ടു കൊണ്ടിരുന്ന മറ്റൊരാൾ പറഞ്ഞു
“കൊക്കുകൾ എന്തിനാണ് തുണിക്കെട്ട് കൊണ്ട് പോകുന്നത്? ഇതു ഏതോ ഇരയെ ആഹാരമാക്കാൻ കൊണ്ടു പോകുന്നതാണ്.”
അങ്ങനെ അവർ പരസ്പരം പറയുന്നത് ആമ കേൾക്കാൻ ഇടയായി. അവന് അപ്പോഴേക്കും മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. താൻ ആരാണെന്ന് പറയുന്നതിനു വേണ്ടി അവൻ അറിയാതെ വായ് തുറന്നു. വായ് തുറന്നതും ആമ താഴേക്ക് വീണു. കൊക്കുകൾ ഭയന്നു പോയി. അവർ ഉടൻ തന്നെ താഴേക്കു പറന്നു.
ആമ താഴേക്ക് പതിച്ചതും കൊക്കുകളുടെ കൈയിൽ നിന്ന് എന്താണ് വീണതെന്ന് അറിയാൻ ഗ്രാമവാസികൾ ആകാംഷയോടെ അതിന്റെ അരികിലേക്ക് ഓടിയെത്തി. അതൊരു ആമയാണെന്ന് മനസ്സിലാക്കിയ അവർക്ക് അവനോട് സഹതാപം തോന്നി. നല്ലവരായ ആ ഗ്രാമവാസികൾ ബോധമില്ലാതെ കിടന്ന അവനെ എടുത്ത് ഒരു തടാകത്തിന്റെ കരയിൽ കൊണ്ടു പോയി വച്ചു. അപ്പോഴേക്കും കൊക്കുകളും ആമയെ അന്വേഷിച്ചു അവിടെ എത്തി. തടാകത്തിന്റെ കരയിൽ ആമയെ കണ്ട കൊക്കുകൾ അവന്റെ അടുത്തു തന്നെ ഇരുന്നു.
കുറച്ചു സമയത്തിനു ശേഷം ആമയ്ക്ക് ബോധം വന്നു. അവൻ കണ്ണു തുറന്നതും ആദ്യം കണ്ടത് തന്റെ പ്രിയപ്പെട്ട ചങ്ങാതിമാരെ ആയിരുന്നു. അവരെ കണ്ടതും ആമയ്ക്ക് വളരെയധികം സന്തോഷമായി. പക്ഷേ അവർക്ക് കൊടുത്ത വാക്കു പാലിക്കാത്തതിൽ അവനു ദുഃഖവും തോന്നി. അതുകൊണ്ടു തന്നെ അവൻ ഒന്നും മിണ്ടാതെ ഇരുന്നു. ആമ കണ്ണ് തുറന്നതു കണ്ട കൊക്കുകൾക്ക് സന്തോഷവും ഒപ്പം സമാധാനവും ആയി. അവർ ആമയോടു പറഞ്ഞു
“നിന്നെ വീണ്ടും ജീവനോടെ കാണാൻ കഴിഞ്ഞത് ഭാഗ്യമാണ്. ആ ഗ്രാമവാസികൾ നല്ലവരായത് കൊണ്ട് നിന്നെ ഈ തടാകത്തിൽ കൊണ്ടുവന്നു വച്ചു. നിന്നോടു ഞങ്ങൾ ആദ്യമേ വായ് തുറന്നാൽ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ച് പറഞ്ഞതല്ലേ? വലിയൊരു അപകടമാണ് ഇപ്പോൾ ഒഴിവായത്.”
ഇതുകേട്ട ആമ ചുറ്റും നോക്കി. അതെ വളരെ സുന്ദരമായ ഒരു തടാകം. അതു കണ്ടപ്പോൾ അവന് വളരെയധികം സന്തോഷമായി. ആമ തന്റെ കൂട്ടുകാരോട് പറഞ്ഞു
“കൂട്ടുകാരേ, എന്നോട് ക്ഷമിക്കൂ. ഞാൻ ഇനി ആവശ്യത്തിന് അല്ലാതെ സംസാരിക്കില്ല എന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പക്ഷെ നമുക്കിനി മൂന്നുപേർക്കും ഇവിടെ കഴിഞ്ഞാൽ മതിയല്ലോ.”
ആമയുടെ വാക്കുകൾ കേട്ട കൊക്കുകൾ പറഞ്ഞു.
“നീ പറഞ്ഞത് ശരിയാണ്. നമുക്കിനി ഇവിടെ താമസിച്ചാൽ മതി. പുതിയ വാസസ്ഥലം ആന്വേഷിച്ചു പോകേണ്ട കാര്യം ഇല്ല.”
അങ്ങനെ ആ സുഹൃത്തുക്കൾ ഒരുപാട് കാലം സന്തോഷത്തോടെ ആ തടാകത്തിൽ കഴിഞ്ഞു.
ഗുണപാഠം
അമിതമായ സംസാരം പലപ്പോഴും ആപത്തു ക്ഷണിച്ചു വരുത്തും.
ആമയും കൂട്ടുകാരും കഥ കേൾക്കാം
Read More Stories for Kids In Malayalam
- ആനയും തയ്യൽക്കാരനും
- രാജ്യത്തിലെ കാക്കകൾ
- പിശുക്കന്റെ സ്വർണം
- വേട്ടക്കാരനും നാല് സുഹൃത്തുക്കളും
- സത്യസന്ധനായ മനുഷ്യൻ
English Summary: “The Talkative Turtle” is a wonderful Malayalam story to read for both children and adults alike. Written in the language of Kerala, this story is about a talkative turtle who gets into trouble. The story is filled with interesting characters and a unique plot that will keep readers engaged from start to finish. It is a great way to experience Malayalam stories to read and learn about the culture and language of Kerala. The story is full of humor and valuable lessons that will stay with the reader long after they have finished reading it. This Malayalam story to read is a must-read for anyone who loves a good story and wants to experience the rich cultural heritage of Kerala.
നന്ദി. പ്രിപ്രൈമറി കുട്ടികൾക്ക് രക്ഷകർത്താവ് എന്നാ നിലയിൽ ഒരു കഥ പറയാൻവേണ്ടി കഥ അന്വേഷിച്ചു വന്നതാണ്. Superb👍👍
Thank you 😊
ഒരാളെ ഉറക്കാൻ വേണ്ടി ഒരു കഥ നോക്കി വന്നതാ, ആള് നല്ല ഉറങ്ങി.നല്ല കഥകൾ ഒരുപാട് ആസ്വദിച്ചു കൊണ്ട് തന്നെ വായിച്ചു.
നന്ദി Zana, കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ താങ്കളുടെ ഈ കമന്റുകൾ ഞങ്ങളെ തീർച്ചയായും സഹായിക്കും. എല്ലാ ദിവസവും കുട്ടുവിന് കഥകൾ വായിച്ചു കൊടുക്കൂ ❤️
lot of good storys.
കഥ വായിച്ചു കൊടുത്ത് കൊണ്ട് എൻ്റെ കുട്ടുനെ ഉറക്കി അവൻ അത് കേട്ടു ഉറങ്ങി
Thank you ❤️