Follow

Subscribe

സത്യസന്ധനായ മരംവെട്ടുകാരൻ

Fairy Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

പണ്ടൊരിടത്ത് ഒരു മരംവെട്ടുകാരൻ ഉണ്ടായിരുന്നു. കാട്ടിൽ നിന്നും വിറക് വെട്ടി വിറ്റുകിട്ടുന്ന കാശ് കൊണ്ടായിരുന്നു അയാളും കുടുംബവും ജീവിച്ചിരുന്നത്. ദിവസവും രാവിലെ ഉണർന്ന് ആ മരംവെട്ടുകാരൻ അടുത്തുള്ള കാട്ടിൽ പോയി വിറക് വെട്ടി കൊണ്ടുവരും. എന്നിട്ട് ചന്തയിൽ കൊണ്ടു പോയി വിൽക്കും. അങ്ങനെയായിരുന്നു അയാൾ ഓരോ ദിവസത്തെയും ആഹാരത്തിനുള്ള വക കണ്ടെത്തിയത്. 

ഒരുദിവസം പതിവുപോലെ മരംവെട്ടുകാരൻ തൻ്റെ കോടാലിയുമായി കാട്ടിലേക്ക് പോയി. അവിടെ നദിക്കരയിൽ ഒരു ഒടിഞ്ഞുകിടന്ന മരം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. അയാൾ അന്നത്തെ വിറക് അതിൽ നിന്നും വെട്ടിയെടുക്കാൻ തീരുമാനിച്ചു. അയാൾ മരം വെട്ടാൻ തുടങ്ങി. എന്നാൽ മരം വെട്ടികൊണ്ടിരുന്നപ്പോൾ അയാളുടെ കയ്യിൽ നിന്നും കോടാലി തെറിച്ചു നദിയിലേക്ക് വീണു. നല്ല ആഴമുള്ള നദിയിൽ ഇറങ്ങി  കോടാലി എടുക്കാൻ സാധിക്കുമായിരുന്നില്ല.  മരംവെട്ടുകാരൻ വിഷമം സഹിക്കാനാവാതെ നദിക്കരയിൽ ഇരുന്നു കരയാൻ തുടങ്ങി. 

“ആകെ ഉണ്ടായിരുന്ന കോടാലിയും പോയി. ഇനി എങ്ങനെ ഞാൻ വീട്ടിലേക്ക് പോകും. അവിടെ ഭാര്യയും കുട്ടികളും വിശന്നു ഞാൻ വരുന്നതും കാത്തിരിക്കുകയായിരിക്കും.  പുതിയൊരു കോടാലി വാങ്ങാൻ കാശുമില്ല.”

ഇങ്ങനെ അയാൾ നദിക്കരയിലിരുന്ന് വിലപിച്ചു.

അങ്ങനെ അയാൾ സമയം പോയതു പോലും അറിഞ്ഞില്ല. വൈകുന്നേരമായതും അയാൾ ദുഃഖവുമടക്കി തൻ്റെ വീട്ടിലേക്ക് പോകാൻ തുടങ്ങി.

പെട്ടെന്ന് നദിയിൽ ഒരു വെളിച്ചം കണ്ട് ആയാൾ നോക്കി. നദിയിൽ ഒരു ദേവത പ്രത്യക്ഷപെട്ടു. അയാൾക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ദേവത അയാളോട് ചോദിച്ചു

 ” നീ എന്തിനാണ് ഇങ്ങനെ വിഷമിച്ചിരിക്കുന്നത്?” 

അയാൾ നടന്ന സംഭവം ദേവതയോട് പറഞ്ഞു. മരംവെട്ടുകാരനോട് ഒരുനിമിഷം കാത്തു നിൽക്കാൻ പറഞ്ഞിട്ട് ദേവത അപ്രത്യക്ഷമായി. അയാൾ ദേവതയെയും കാത്ത് ആ നദിക്കരയിലിരുന്നു. ദേവത മടങ്ങിവന്നത് കയ്യിൽ ഒരു സ്വർണ കോടാലിയും ആയിട്ടായിരുന്നു. ആ സ്വർണ കോടാലി ദേവത മരംവെട്ടുകാരന് വച്ചുനീട്ടി. അയാൾ പറഞ്ഞു.

“ഇത് എൻ്റെ കോടാലി അല്ല”. 

ദേവത വീണ്ടും അപ്രത്യക്ഷമായി. അടുത്ത് തിരിച്ചുവന്നത് ഒരു വെള്ളി കോടാലിയും ആയിട്ടായിരുന്നു. ഇത് കണ്ടതും മരംവെട്ടുകാരൻ ദേവതയോട് പറഞ്ഞു

“അയ്യോ ഇതും എൻ്റെ കോടാലി അല്ല.” 

ദേവത വീണ്ടും അപ്രത്യക്ഷമായി. ഇത്തവണ തിരിച്ചുവന്നപ്പോൾ കയ്യിൽ ഒരു ഇരുമ്പു കോടാലി ഉണ്ടായിരുന്നു. ഇതു കണ്ടതും മരംവെട്ടുകാരൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

“ഇതെൻ്റെ കോടാലിയാണ്, ഇതെൻ്റെ കോടാലിയാണ് ” അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു.

അയാളുടെ സന്തോഷം കണ്ട ദേവത ആ മൂന്ന് കോടാലിയും അയാൾക്ക് നൽകി. എന്നിട്ടിപ്രകാരം പറഞ്ഞു 

“ഇത് നിൻ്റെ സത്യസന്ധതയ്ക്കുള്ള സമ്മാനമാണ്. ഇതു മൂന്നും നീ സ്വീകരിക്കൂ. എന്നിട്ട് നിൻ്റെ ജീവിതം കൂടുതൽ മികച്ചതാക്കൂ. നിനക്ക് നല്ലത് വരട്ടെ.”

ഇതും പറഞ്ഞു ദേവത അപ്രത്യക്ഷമായി.

മരംവെട്ടുകാരൻ തനിക്ക് കിട്ടിയ മൂന്ന് കോടാലിയുമായി വീട്ടിലേക്ക് മടങ്ങി. അയാൾ തൻ്റെ ജീവിതം കൂടുതൽ മെച്ചപ്പെട്ട രീതിയിലാക്കി. ഒരുപാട് കാലം തൻ്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിച്ചു.

ഗുണപാഠം

നമ്മൾ എപ്പോഴും സത്യസന്ധരായിരിക്കണം, സത്യസന്ധതയ്ക്കുള്ള  പ്രതിഫലം എല്ലായിപ്പോഴും ലഭിക്കുകതന്നെ ചെയ്യും.

Liked Fairy Tales In Malayalam? Read More Kids Stories

English Summary: The Honest Woodcutter, fairy tales in Malayalam for kids

Ameya Jithesh ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

2 Comments on സത്യസന്ധനായ മരംവെട്ടുകാരൻ