Follow

Subscribe

നൃത്തം ചെയ്യുന്ന പന്ത്രണ്ട് രാജകുമാരിമാർ

Fairy Tales

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. രാജാവിന് സുന്ദരികളായ പന്ത്രണ്ട് പെൺമക്കൾ ഉണ്ടായിരുന്നു. ആ രാജകുമാരിമാർ പന്ത്രണ്ട് പേരും പരസ്പരം വളരെയധികം സ്നേഹവും ഐക്യവും ഉള്ളവരായിരുന്നു. അവർ ഒരു മുറിയിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ അവർക്ക് ഉറങ്ങുന്നതിനായി മുറിയിൽ പന്ത്രണ്ട് കിടക്കകളും ഒരുക്കിയിരുന്നു. സഹോദരിമാരുടെ ഈ സ്നേഹവും ഒത്തൊരുമയും കണ്ട് രാജാവ് വളരെയധികം സന്തോഷിച്ചു. അങ്ങനെയിരിക്കെ കൊട്ടാരത്തിൽ വിചിത്രമായ ഒരു സംഭവം നടക്കാൻ തുടങ്ങി. 

രാത്രിയിൽ ഉറങ്ങാൻ കിടക്കുന്ന രാജകുമാരിമാർ ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവരുടെ ചെരുപ്പുകൾ തേഞ്ഞുകീറിയ നിലയിലായിരിക്കും. പക്ഷേ ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് കൊട്ടാരത്തിലുള്ള ആർക്കും തന്നെ മനസിലായില്ല. തുടർച്ചയായി നൃത്തം ചെയ്താൽ മാത്രമാണ് ചെരുപ്പുകൾക്ക് ഈ രീതിയിൽ കേട്  സംഭവിക്കുന്നതെന്ന് അവ പരിശോധിച്ച കൊട്ടാരത്തിലെ വിദഗ്ധൻമാർ രാജാവിനെ അറിയിച്ചു. 

രാജകുമാരിമാർ ഉറങ്ങാനായി രാത്രിയിൽ മുറിയിൽ കയറിയാൽ പിന്നെ നേരം പുലർന്നിട്ടല്ലാതെ മുറിയുടെ പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു. അവർ എവിടെയാണ് നൃത്തം ചെയ്യാനായി പോകുന്നത് എന്ന ചോദ്യത്തിന് അതുകൊണ്ട് തന്നെ രാജാവിന് ഉത്തരം കിട്ടിയതേയില്ല. എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമായിരുന്ന രാജകുമാരിമാർ എല്ലാം രഹസ്യമാക്കി തന്നെ വച്ചു. രാജാവും കൊട്ടാരത്തിലുള്ളവരും പലതവണ ചോദിച്ചിട്ടും രാജകുമാരിമാർ മൗനം പാലിച്ചതേയുള്ളൂ. മാത്രമല്ല അവർ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും രാത്രിയിൽ രാജകുമാരിമാർ എവിടെയാണ് പോകുന്നതെന്ന് കണ്ടെത്താനും കഴിഞ്ഞില്ല. 

മറ്റൊരു വഴിയുമില്ലാതെ രാജാവ് ഒരു  വിളംബരം ചെയ്തു.

“രാജകുമാരിമാർ രാത്രിയിൽ നൃത്തം ചെയ്യാൻ എവിടെയാണ് പോകുന്നതെന്ന് ആരെങ്കിലും കണ്ടു പിടിക്കുകയാണെങ്കിൽ അയാൾക്ക്  ഇഷ്ടമുള്ള ഒരു രാജകുമാരിയെ വിവാഹം കഴിക്കാം. കൂടാതെ ആ വ്യക്തിയെ അടുത്ത രാജാവായി വാഴിക്കുകയും ചെയ്യും. ഇതിനായി ഒരാൾക്ക് മൂന്ന് ദിവസമാണ് അനുവദിച്ചു നൽകുന്നത്. ഈ മൂന്നു ദിവസത്തിനുള്ളിൽ രാജകുമാരിമാർ എവിടെയാണ് പോകുന്നതെന്ന് രഹസ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തുനിന്നും അവരെ എന്നന്നേക്കുമായി പുറത്താക്കും.”

ഈ വിളംബരം കേട്ട് ആദ്യം വന്നത് ഒരു രാജകുമാരനായിരുന്നു. രാജാവ് ആ രാജകുമാരനെ വേണ്ടവിധം സ്വീകരിച്ചു. അദ്ദേഹത്തിനായി രാജകുമാരിമാരുടെ മുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ കിടക്കയും സജ്ജീകരിച്ചു. രാത്രിയിൽ രാജകുമാരിമാരുടെ മുറിയിൽ ഏതെങ്കിലും തരത്തിലുള്ള ശബ്ദം കേൾക്കുന്നുണ്ടോ എന്നറിയാൻ ആ രാജകുമാരൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ അയാൾ എപ്പോഴോ ഉറങ്ങിപ്പോയി. ഉറങ്ങിയെണീറ്റപ്പോൾ നേരം പുലർന്നിരുന്നു. മാത്രമല്ല അന്നും പതിവുപോലെ രാജകുമാരിമാരുടെ ചെരുപ്പുകൾ നൃത്തം ചെയ്ത് തേഞ്ഞു കീറിയ നിലയിലായിരുന്നു. അയാൾക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. രണ്ടാമത്തെയും മൂന്നാമത്തെയും ദിവസവും ഇതുതന്നെ സംഭവിച്ചു. അതുകൊണ്ട് തന്നെ മൂന്നു ദിവസം കഴിഞ്ഞിട്ടും ആ രാജകുമാരന് രാജകുമാരിമാർ രാത്രിയിൽ എവിടെയാണ് പോകുന്നതെന്ന രഹസ്യം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അദ്ദേഹത്തിനെ രാജകല്പന പ്രകാരം രാജ്യത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് എന്നന്നേക്കുമായി വിലക്കി.

അതിനു ശേഷം ചില രാജകുമാരൻമാരും  നാട്ടുപ്രഭുക്കന്മാരും എല്ലാം തയ്യാറായി മുന്നോട്ടു വന്നു. എന്നാൽ വന്നവരിൽ ആർക്കും തന്നെ രഹസ്യം കണ്ടെത്താനായില്ല. മാത്രമല്ല അവർക്കും രാജ്യത്ത് നിന്നു എന്നെന്നേക്കുമായി പുറത്തു പോകേണ്ടതായും വന്നു. ക്രമേണ ആരും തന്നെ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ടു വരാതെ ആയി. ഇതോടുകൂടി രാജകുമാരിമാർക്ക് തങ്ങൾ എവിടെയാണെന്ന് പോകുന്നതെന്ന രഹസ്യം ആർക്കും കണ്ടുപിടിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസം വർദ്ധിച്ചു. അതുകൊണ്ടുതന്നെ അവർ മുടങ്ങാതെ ദിവസവും നൃത്തം ചെയ്യാനായി പോകുകയും ചെയ്തു. 

അങ്ങനെയിരിക്കെയാണ് ആ രാജ്യത്തുള്ള ഒരു സൈനികൻ യുദ്ധം കഴിഞ്ഞ് തൻ്റെ ഗ്രാമത്തിൽ തിരിച്ചെത്തിയത്. വിശ്രമിക്കാനായി ഗ്രാമത്തിലെത്തിയ സൈനികൻ ഗ്രാമീണർക്കിടയിൽ നിന്ന് കൊട്ടാരത്തിൽ നടക്കുന്ന വിചിത്രസംഭവത്തെക്കുറിച്ചും രാജാവിൻ്റെ വിളംബരത്തെക്കുറിച്ചും അറിഞ്ഞു. എല്ലാം കേട്ട സൈനികന് കൊട്ടാരത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ അതിയായ ആകാംക്ഷയുണ്ടായി. നല്ല ക്ഷീണം ഉണ്ടായിരുന്നിട്ടും കൊട്ടാരത്തിലേക്ക് പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. 

ഉടൻതന്നെ കുതിരപ്പുറത്തു കയറി അയാൾ യാത്ര തിരിച്ചു. യാത്രക്കിടയിൽ നല്ല ക്ഷീണം തോന്നിയത് കാരണം അയാൾ ഇടക്കിറങ്ങി. അടുത്തുകണ്ട ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനായി ഇരുന്നു. അപ്പോഴാണ് അതുവഴി ഒരു വൃദ്ധ വരാനിടയായത്. ക്ഷീണിച്ച സൈനികനെ കണ്ടതും വൃദ്ധ ചോദിച്ചു

“നിങ്ങളാരാണ്? നിങ്ങളെ കണ്ടിട്ട് നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ? എന്നിട്ടും നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?

അപ്പോൾ അയാൾ പറഞ്ഞു

“ഞാനൊരു സൈനികനാണ്. സൈന്യത്തിൽ നിന്നും യുദ്ധം കഴിഞ്ഞ് ഈയടുത്താണ് വന്നത്. അപ്പോഴാണ് കൊട്ടാരത്തിൽ നടക്കുന്ന വിചിത്ര സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഞാൻ രാജകുമാരിമാർ രാത്രിയിൽ എവിടെയാണ് പോകുന്നതെന്ന രഹസ്യം കണ്ടുപിടിക്കാനായി കൊട്ടാരത്തിലേക്ക് പോവുകയാണ്.”

ഇതുകേട്ടതും വൃദ്ധ പറഞ്ഞു

“നിങ്ങൾക്ക് തീർച്ചയായും ആ രഹസ്യം കണ്ടുപിടിക്കാൻ കഴിയും. പക്ഷേ അതിനുവേണ്ടി നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. രാത്രിയാകുമ്പോൾ ഏതെങ്കിലും ഒരു രാജകുമാരി വീഞ്ഞുമായി നിങ്ങളുടെ അടുത്തേക്ക് വരും. ഒരു കാരണവശാലും ആ വീഞ്ഞ് കുടിക്കരുത്. അത് കുടിച്ചാൽ നിങ്ങൾ ഉറക്കത്തിലേക്ക് വഴുതിവീഴും. അതു പ്രത്യേകം ശ്രദ്ധിക്കണം.”

വൃദ്ധ പറഞ്ഞതുകേട്ട് സൈനികന് അത്ഭുതമായി. അയാൾ പറഞ്ഞു

“തീർച്ചയായും ഞാനത് ശ്രദ്ധിക്കാം. ഈ രഹസ്യം പറഞ്ഞു തന്നതിന് വളരെയധികം നന്ദി. ഞാനിനി യാത്ര തുടരട്ടെ.”

പോകാൻ തുടങ്ങിയ സൈനികന് ഒരു കോട്ട് നൽകികൊണ്ട് വൃദ്ധ ഇങ്ങനെ പറഞ്ഞു.

“ഈ കോട്ട് നിങ്ങൾക്കുള്ളതാണ്. ഈ കോട്ടിട്ടാൽ നിങ്ങളെ മറ്റാർക്കും കാണാൻ കഴിയില്ല. ഇതു നിങ്ങളെ തീർച്ചയായും ലക്ഷ്യത്തിലെത്താൻ സഹായിക്കും.” 

സൈനികൻ വൃദ്ധയുടെ കയ്യിൽനിന്നും കോട്ടും വാങ്ങി അവർക്ക് നന്ദിയും പറഞ്ഞു കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. എത്രയും വേഗം തന്നെ അയാൾ കൊട്ടാരത്തിൽ എത്തിച്ചേർന്നു. കൊട്ടാരത്തിലെത്തിയ സൈനികന് രാജാവ് ഊഷ്മളമായ സ്വീകരണം നൽകി. അതിനു ശേഷം രാജാവ് അയാളോട് പറഞ്ഞു. 

“നിങ്ങൾക്ക് നിബന്ധനകളൊക്കെ അറിയാമല്ലോ. മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.  പരാജയപ്പെട്ടാൽ എന്നെന്നേക്കുമായി രാജ്യത്തു നിന്നു പുറത്തു പോകേണ്ടിവരും.”

ഇതുകേട്ട സൈനികൻ രാജാവിനോട് പറഞ്ഞു

“അല്ലയോ രാജാവേ, ഞാനൊരു സൈനികനാണ്. അതുകൊണ്ടു തന്നെ ഞാൻ പരാജയത്തെക്കുറിച്ചല്ല വിജയത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഞാൻ തീർച്ചയായും അങ്ങേയ്ക്ക് രാജകുമാരിമാർ എവിടെയാണ് പോകുന്നതെന്ന രഹസ്യം പറഞ്ഞു തരുന്നതായിരിക്കും.”

ഇതും പറഞ്ഞ് അയാൾ വിശ്രമിക്കുന്നതിനായി തൻ്റെ മുറിയിലേക്ക് പോയി. സൈനികനും മറ്റുള്ളവർക്ക് നൽകിയതു പോലെ തന്നെ രാജകുമാരിമാരുടെ മുറിയോട് ചേർന്നുള്ള മുറി തന്നെ വിശ്രമിക്കാനായി നൽകിയിരുന്നു. 

രാത്രിയായപ്പോൾ വൃദ്ധ പറഞ്ഞതുപോലെ ഒരു രാജകുമാരി ഒരു പാത്രം വീഞ്ഞുമായി അയാളുടെ മുറിയിലേക്ക് വന്നു. അതയാൾക്ക് നൽകിക്കൊണ്ട് പറഞ്ഞു.

“ഇത് നിങ്ങൾക്കായി കൊണ്ടുവന്നതാണ്. താങ്കളെ കണ്ടാൽ തന്നെ അറിയാം വളരെയധികം ക്ഷീണിതനാണെന്ന്. നമ്മുടെ കൊട്ടാരത്തിൽ തന്നെ ഉണ്ടാക്കുന്ന വളരെ രുചികരമായ വീഞ്ഞാണിത്. ഇതു കുടിച്ചാൽ നിങ്ങളുടെ ക്ഷീണമൊക്കെ മാറുന്നതാണ്. മാത്രമല്ല ഇതിൻ്റെ രുചി തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.”

അയാൾ രാജകുമാരിയുടെ കയ്യിൽനിന്നും സന്തോഷത്തോടെ അത് വാങ്ങി വച്ചു. എന്നിട്ട്  രാജകുമാരി പോയി കഴിഞ്ഞപ്പോൾ അയാൾ രഹസ്യമായി അതൊഴിച്ചു കളഞ്ഞു. 

രാത്രിയായതും കൊട്ടാരത്തിൽ എല്ലാവരും ഉറക്കമായി. സൈനികനും ഉറക്കം നടിച്ചു കിടന്നു. എല്ലാവരും ഉറക്കമായപ്പോൾ രാജകുമാരിമാർ ഉണർന്നു. അവർ നോക്കിയപ്പോൾ സൈനികൻ കൂർക്കം വലിച്ചു സുഖമായി ഉറങ്ങുന്നു. ഇതുകണ്ട ഒന്നാമത്തെ രാജകുമാരി പറഞ്ഞു 

നമുക്ക് എത്രയും വേഗം പോകാം.അവർ തങ്ങളുടെ അറയിൽ നിന്നും മനോഹരമായ വസ്ത്രങ്ങളും ചെരിപ്പുകളും എടുത്തു ധരിച്ച് പോകാനൊരുങ്ങി. അപ്പോൾ ഏറ്റവും ഇളയ രാജകുമാരി പറഞ്ഞു

“എനിക്കൊരു സംശയം ആ സൈനികൻ ഉറങ്ങിക്കാണുമോ? എനിക്കെന്തോ ഒരു ഭയം തോന്നുന്നു.”

ഇതുകേട്ടതും ആദ്യത്തെ രാജകുമാരി ഒന്നുകൂടി അയാളുടെ മുറിയിൽ പോയി നോക്കി. എന്നിട്ടു മറ്റുള്ളവരോട് പറഞ്ഞു

“അയാൾ ഗാഢനിദ്രയിലാണ്. കൂർക്കംവലി കേട്ടാലറിയാം. മാത്രമല്ല കയ്യോ കാലോ ഒന്ന് ചലിപ്പിക്കുക പോലും ചെയ്യുന്നില്ല. നമ്മൾ വീഞ്ഞിൽ ഉറക്കമരുന്നു കലക്കിയില്ലെങ്കിൽ പോലും അയാൾ സുഖമായി ഉറങ്ങുമായിരുന്നു. അയാൾക്ക് അത്രയും ക്ഷീണമുണ്ട്.” 

അതിനുശേഷം ആദ്യത്തെ രാജകുമാരി തൻ്റെ കിടക്കയുടെ മുകളിൽ കയറി നിന്നു. അവൾ തൻ്റെ കൈകൾ കൊട്ടി. ഉടൻതന്നെ അവളുടെ കിടക്ക നിലത്തു വീഴുകയും അവിടെ ഒരു ചെറിയ വാതിൽ തുറന്നു വരുകയും ചെയ്തു. ആദ്യത്തെ രാജകുമാരി ആ ചെറിയ വാതിലൂടെ ആദ്യം ഇറങ്ങി. മറ്റുള്ളവർ അവരുടെ പുറകെയുമായി അതു വഴി ഇറങ്ങാൻ തുടങ്ങി. എന്നാൽ ഉറക്കം നടിച്ചു കിടന്ന സൈനികൻ രാജകുമാരിമാരുടെ മുറിയിലെ ശബ്ദം കേട്ട് എഴുന്നേറ്റു. എന്നിട്ട് അയാൾ ഉടൻതന്നെ വൃദ്ധ നൽകിയ കോട്ടു ധരിച്ചു. ആ കോട്ട് ധരിച്ചതും വൃദ്ധ പറഞ്ഞതുപോലെ അയാൾ അദൃശനായി. അദൃശനായ സൈനികൻ രാജകുമാരിമാരുടെ മുറിയുടെ വാതിൽ പതിയെ തുറന്നു. സൈനികൻ മുറിയിൽ നോക്കിയപ്പോൾ രാജകുമാരിമാർ ഒരു ചെറിയ വാതിലൂടെ പോകുന്നതാണ് കണ്ടത്. ഉടൻതന്നെ സൈനികനും ആ ചെറിയ വാതിലിലൂടെ അകത്തു കടന്നു. അതിനു ശേഷം പതിയെ രാജകുമാരിമാരെ പിന്തുടരാൻ തുടങ്ങി. നിറയെ പടികൾ ഉള്ള ഒരു ഇടനാഴിയിൽകൂടി ആയിരുന്നു അവർ പോയികൊണ്ടിരുന്നത്. എന്നാൽ പടിയിറങ്ങുമ്പോൾ ഏറ്റവും ഇളയ രാജകുമാരിയുടെ ഗൗണിൽ സൈനികൻ അറിയാതെ ചവിട്ടി. അവൾ പെട്ടെന്ന് തിരിഞ്ഞുനോക്കി. എന്നാൽ അവിടെയെങ്ങും ആരെയും കണ്ടില്ല. പക്ഷേ അവൾക്ക് എന്തോ സംശയം തോന്നി. അവൾ മറ്റു രാജകുമാരിമാരോട് പറഞ്ഞു

“നമ്മളെ ആരോ പിന്തുടരുന്നുണ്ട്. എൻ്റെ ഗൗണിൽ ആരോ ചവിട്ടിയതു പോലെ തോന്നുന്നു.”

ഉടൻ തന്നെ അവർ പുറകിലേക്ക് നോക്കി. എന്നാൽ അവിടെയെങ്ങും ആരെയും കാണാൻ കഴിഞ്ഞില്ല. അപ്പോൾ അതിൽ ഒരു രാജകുമാരി പറഞ്ഞു

“നമ്മളെ ആരു പിന്തുടരാനാണ്. എല്ലാവരും സുഖമായി ഉറങ്ങുകയാണ്. ഗൗൺ ഏതെങ്കിലും ആണിയിൽ ഉടക്കിയതായിരിക്കും.”

കൊട്ടാരത്തിനുള്ളിലുള്ള ഭൂമിക്കടിയിലെ ചില രഹസ്യ അറകൾ വഴി അവർ യാത്ര തുടർന്നു. സൈനികനും അവരെ പിന്തുടർന്നു. യാത്ര ചെയ്തവർ നിറയെ മരങ്ങളുള്ള ഒരു മനോഹരമായ സ്ഥലത്തെത്തി. ആ മരങ്ങളിലെ ഇലകളെല്ലാം വെള്ളി നിറത്തിലുള്ളത് ആയിരുന്നു. അവിടെ കണ്ട ഒരു മരത്തിൽ നിന്നയാൾ ഒരു മരക്കൊമ്പ് മുറിച്ചെടുത്തു. എന്നാൽ കൊമ്പ് മുറിക്കുന്ന ശബ്ദം പുറകേ പോയ രാജകുമാരി കേട്ടിരുന്നു. അവൾ പറഞ്ഞു

“പുറകിൽ നിന്ന് എന്തോ ശബ്ദം കേൾക്കുന്നു. തീർച്ചയായും നമ്മളെ ആരോ പിന്തുടരുന്നുണ്ട്.”

അപ്പോൾ ആദ്യത്തെ രാജകുമാരി പറഞ്ഞു

“നമ്മളെ കാത്തിരിക്കുന്ന ഏതെങ്കിലും രാജകുമാരൻ കാണാതായപ്പോൾ വിളിച്ചതാകാം. അല്ലാതെ മറ്റൊന്നുമല്ല.”

ഇതും പറഞ്ഞവർ വീണ്ടും മുന്നോട്ടു പോയി. സൈനികനും അവരുടെ പുറകേ പോയി. അടുത്തവർ എത്തിയത് തീർത്തും വ്യത്യസ്തമായ മറ്റൊരു സ്ഥലത്തായിരുന്നു. അവിടെയും നിറയെ മരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിലെ ഇലകളെല്ലാം സ്വർണനിറത്തിലുള്ളത് ആയിരുന്നു. ഇതുകണ്ട സൈനികൻ ആശ്ചര്യപ്പെട്ടു. അയാൾ അവിടെ നിന്നും ഒരു മരക്കൊമ്പ് ഒടിച്ചെടുത്തു. കൊമ്പൊടിക്കുന്ന ശബ്ദം കേട്ടതും പുറകെ പോയ രാജകുമാരി വീണ്ടും പറഞ്ഞു 

“ഞാൻ വീണ്ടും എന്തോ ശബ്ദം കേട്ടു. തീർച്ചയായും നമ്മളെ ആരോ പിന്തുടരുന്നുണ്ട്.”

രാജകുമാരിമാർ വീണ്ടും തിരിഞ്ഞു നോക്കി. അവിടെയെങ്ങും ആരെയും അവർ കണ്ടില്ല. അപ്പോൾ ആദ്യത്തെ രാജകുമാരി പറഞ്ഞു

“ഇവിടെയെങ്ങും ആരുമില്ല. നിനക്ക് തോന്നിയതാവും. നമ്മളെ കാത്തുനിൽക്കുന്ന രാജകുമാരന്മാരിൽ ആരെങ്കിലും നമ്മൾ വരുന്നതു കണ്ട സന്തോഷം കൊണ്ടു വിളിച്ചതാകാം.”

അതിനുശേഷം അവർ പന്ത്രണ്ട് പേരും വീണ്ടും മുന്നോട്ടു പോയി. സൈനികനും അവരെ പിന്തുടർന്നു. അടുത്തവർ എത്തപ്പെട്ടത് അതിൽനിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സ്ഥലത്തായിരുന്നു. അവിടെയും നിറയെ മരങ്ങളുണ്ടായിരുന്നു. എന്നാൽ ആ മരങ്ങളിലെ ഇലകൾക്ക് ഡയമണ്ടിൻ്റെ നിറമായിരുന്നു. ആ സ്ഥലവും അവിടുത്തെ ഇലകളുടെ നിറവുമൊക്കെ കണ്ട സൈനികൻ സ്വയം പറഞ്ഞു

“ഇതെന്തൊരു അത്ഭുതമാണ്. ഓരോ സ്ഥലവും അവിടത്തെ കാഴ്ചകളും തീർത്തും വ്യത്യസ്തമാണ്. ചുറ്റുപാടിലും ഇലകളുടെ നിറത്തിലുമൊക്കെ എന്തൊരു മാറ്റമാണ്.”

അയാൾ അവിടെ കണ്ട മരത്തിൽ നിന്നും ഒരു കൊമ്പൊടിച്ചു. അപ്പോഴും പുറകേപോയ രാജകുമാരി ആ ശബ്ദം കേട്ടു. അവൾ തൻ്റെ മറ്റു സഹോദരിമാരോട് പറഞ്ഞു

“ഞാനിപ്പോഴും എന്തോ ശബ്ദം കേട്ടു. എനിക്കിപ്പോഴും നമ്മളെ ആരോ പിന്തുടരുന്നതായി തോന്നുന്നു.”

എന്നാൽ ഇത്തവണയും അവളെ മറ്റാരും വിശ്വസിച്ചില്ല. ആദ്യത്തെ രാജകുമാരി അവളോട് പറഞ്ഞു

“ആ ശബ്ദം മറ്റൊന്നുമല്ല. നമ്മൾ എത്തുന്നത് കണ്ടപ്പോൾ ഏതെങ്കിലും രാജകുമാരൻ സന്തോഷംകൊണ്ട് കരഞ്ഞതാകാം.”

അവർ വീണ്ടും മുന്നോട്ടു പോയി.  അടുത്തെത്തിയത്  ഒരു നദിക്കരയിൽ ആയിരുന്നു. അവിടെ പന്ത്രണ്ട് ചെറിയ വള്ളങ്ങളും പന്ത്രണ്ട് രാജകുമാരന്മാരും ഉണ്ടായിരുന്നു. രാജകുമാരിമാരെ കണ്ടതും അവർ വളരെയധികം സന്തോഷിച്ചു. എന്നിട്ട് പറഞ്ഞു

“വൈകിയപ്പോൾ നിങ്ങൾ വരില്ല എന്നാണ് കരുതിയത്. എന്തായാലും ഇനി സമയം വൈകിക്കേണ്ട വരൂ പെട്ടെന്ന് തന്നെ പോകാം.”

ഉടൻതന്നെ രാജകുമാരിമാർ ഓരോരുത്തരായി ഓരോ വള്ളത്തിൽ കയറി. സൈനികൻ  പന്ത്രണ്ടാമത്തെ രാജകുമാരിയുടെ വള്ളത്തിലായിരുന്നു കയറിയത്. പന്ത്രണ്ട് വള്ളങ്ങളും നദിയിലൂടെ മുന്നോട്ടു പോകാൻ തുടങ്ങി. അപ്പോൾ സൈനികൻ കയറിയ വള്ളത്തിലെ രാജകുമാരൻ പറഞ്ഞു

“ഇന്ന് വള്ളത്തിന് നല്ല ഭാരം തോന്നുന്നു. ഞാൻ സർവ്വശക്തിയുമെടുത്ത് തുഴയുന്നുണ്ട്. എന്നാൽ  വള്ളം പതിവുപോലെ മുന്നോട്ടു പോകുന്നില്ല.”

അപ്പോൾ രാജകുമാരി പറഞ്ഞു

“അത് അന്തരീക്ഷം ചൂടായതുകൊണ്ട് തോന്നുന്നതാവാം. ഇന്ന് അല്പം ചൂട് കൂടുതലാണ്. എനിക്കും നന്നായി ചൂട് എടുക്കുന്നുണ്ട്.” 

അങ്ങനെ തുഴഞ്ഞ് തുഴഞ്ഞ് പന്ത്രണ്ട് വള്ളങ്ങളും ഒരു കൊട്ടാരത്തിൻ്റെ മുൻപിൽ എത്തിച്ചേർന്നു. പലതരത്തിലുള്ള ദീപാലങ്കാരങ്ങൾ കൊണ്ട് രാത്രിയിൽ ആ കൊട്ടാരം നന്നായി തിളങ്ങുന്നുണ്ടായിരുന്നു. മാത്രമല്ല കൊട്ടാരത്തിൽനിന്നും നല്ല സംഗീതവും പുറത്തേക്ക് വരുന്നുണ്ടായിരുന്നു. രാജകുമാരിമാർ ഓരോരുത്തരായി തങ്ങളുടെ രാജകുമാരന്മാരോടൊപ്പം വള്ളത്തിൽ നിന്നും ഇറങ്ങി കൊട്ടാരത്തിനുള്ളിലേക്ക് പ്രവേശിച്ചു. സൈനികനും അവരോടൊപ്പം തന്നെ കൊട്ടാരത്തിനുള്ളിലേക്ക് കയറി. കൊട്ടാരത്തിനകത്ത് കയറിയ സൈനികൻ ആശ്ചര്യപ്പെട്ടു.

കൊട്ടാരത്തിനകത്ത് വേറെയും നിരവധി രാജകുമാരിമാരും രാജകുമാരന്മാരും ഉണ്ടായിരുന്നു. അവർ അവിടെ നൃത്തം ചെയ്യുകയായിരുന്നു. വൈകാതെ തന്നെ ഈ പന്ത്രണ്ട് രാജകുമാരിമാരും അവരവരുടെ രാജകുമാരന്മാരോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി. കൊട്ടാരവും നൃത്തവുമെല്ലാം കണ്ട്  അന്ധാളിച്ച സൈനികന് അങ്ങനെ ദിവസവും രാത്രി രാജകുമാരിമാർ വരുന്ന സ്ഥലം മനസ്സിലായി. അയാൾ അപ്പോഴും കോട്ടുമിട്ട് ആരുടെയും മുൻപിൽ പെടാതെ അദൃശനായി രാജകുമാരിമാർ മടങ്ങുന്നതും കാത്തിരുന്നു.

പുലർച്ചെ മൂന്നുമണി ആകുന്നതുവരെയും രാജകുമാരിമാർ അവിടെ നൃത്തം ചെയ്തു. അപ്പോഴേക്കും അവർ തളരാനും അവരുടെ ചെരുപ്പുകൾ തേഞ്ഞ് കീറാനും തുടങ്ങിയിരുന്നു.  അവർ കൊട്ടാരത്തിലേക്ക് പോകാൻ തീരുമാനിച്ചു. അവർ വന്നത് പോലെ തന്നെ ഓരോരുത്തരായി തങ്ങളുടെ രാജകുമാരന്മാരോടൊപ്പം ഓരോ വള്ളങ്ങളിൽ കയറി. എന്നാൽ സൈനികൻ അപ്പോൾ ആദ്യത്തെ രാജകുമാരിയുടെ വള്ളത്തിൽ ആയിരുന്നു കയറിയത്. രാജകുമാരന്മാർ അവരെ നദിക്കരയിലെത്തിച്ചു. നാളെ വീണ്ടും കാണാം എന്നും പറഞ്ഞു രാജകുമാരിമാർ കൊട്ടാരത്തിലേക്ക് മടങ്ങുകയും ചെയ്തു. 

സൈനികനും അവരോടൊപ്പം കൊട്ടാരത്തിലേക്ക് മടങ്ങി. എന്നാൽ കൊട്ടാരത്തിലെത്തിയപ്പോൾ അവർക്ക് മുൻപേ തന്നെ അയാൾ പടികൾ കയറി എത്രയും വേഗം തൻ്റെ മുറിയിലേക്ക് പോയി. കോട്ടും മാറ്റി കട്ടിലിൽ ഉറങ്ങിയത് പോലെ തന്നെ കിടന്നു. കൊട്ടാരത്തിലെത്തിയ രാജകുമാരിമാർ നേരെ പോയത് സൈനികൻ്റെ മുറിയിലേക്ക് തന്നെയായിരുന്നു. അവർ നോക്കിയപ്പോൾ സൈനികൻ കൂർക്കം വലിച്ച് സുഖമായുറങ്ങുന്നു. ഇതുകണ്ട രാജകുമാരിമാർ സന്തോഷത്തോടെ തങ്ങളുടെ മുറിയിലേക്ക് പോയി. 

സൈനികൻ രാവിലെ ഒന്നും അറിയാത്തതു പോലെ തന്നെ അവരോട് പെരുമാറി. രണ്ടും മൂന്നും ദിവസങ്ങളും ആദ്യത്തെ ദിവസത്തേതു പോലെ തന്നെ കടന്നുപോയി. അയാൾ രാജകുമാരിമാരോടൊപ്പം അവർ നൃത്തം ചെയ്യുന്ന കൊട്ടാരത്തിലേക്ക് പോകുകയും അവരോടൊപ്പം മടങ്ങുകയും ചെയ്തു. അപ്പോഴെല്ലാം തന്നെ അയാൾ അദൃശനായി തന്നെയായിരുന്നു അവരോടൊപ്പം പോയത്. അങ്ങനെ രാജാവ് സൈനികന് അനുവദിച്ചു കൊടുത്ത മൂന്ന് ദിവസവും കഴിഞ്ഞു. നാലാമത്തെ ദിവസം രാവിലെ തന്നെ രാജാവ് സൈനികനെ വിളിപ്പിച്ചു. രാജകുമാരിമാരും സൈനികൻ ഒന്നും കണ്ടുപിടിച്ചില്ല എന്ന സന്തോഷത്തോടെയും ധൈര്യത്തോടെയും അവിടെ ഉണ്ടായിരുന്നു.

സൈനികനെ കണ്ടതും രാജാവ് ചോദിച്ചു

“നിങ്ങൾക്ക് നൽകിയ മൂന്ന് ദിവസവും  കഴിഞ്ഞിരിക്കുന്നു. രാജകുമാരിമാർ എവിടെയാണ് പോകുന്നതെന്ന രഹസ്യം കണ്ടെത്താൻ കഴിഞ്ഞോ?”

ഉടൻതന്നെ സൈനികൻ രാജകുമാരിമാരെ ഞെട്ടിച്ചുകൊണ്ട് താൻ കണ്ട കാഴ്ചകൾ ഓരോന്നായി രാജാവിനോട് പറഞ്ഞു. എന്നാൽ രാജാവിന് ഇതൊന്നും വിശ്വസിക്കാനായില്ല. രാജാവ് സൈനികനോട് ചോദിച്ചു

“നിങ്ങൾ പറയുന്നതൊക്കെ സത്യമാണെന്നതിന് എന്താണ് തെളിവ്?”

സൈനികൻ ഉടൻതന്നെ അയാൾ മൂന്ന് സ്ഥലത്തു നിന്നും ഒടിച്ച മരത്തിൻ്റെ കൊമ്പ് രാജാവിന് കാണിച്ചുകൊടുത്തു. ഇതുകണ്ട രാജാവ് രാജകുമാരിമാരെ തൻ്റെ അടുക്കലേക്ക് വിളിപ്പിച്ചു. സൈനികൻ പറഞ്ഞതെല്ലാം സത്യമാണോ എന്ന് ചോദിച്ചു. രാജകുമാരിമാർ പറഞ്ഞു

“ഈ സൈനികൻ പറഞ്ഞതെല്ലാം സത്യമാണ്. പക്ഷേ ഇയാൾ എങ്ങനെയാണ് നമ്മോടൊപ്പം വന്നത്? ഞങ്ങൾ ഒരിക്കൽ പോലും അദ്ദേഹത്തെ കണ്ടില്ലല്ലോ.”

അപ്പോൾ സൈനികൻ പുഞ്ചിരിച്ചുകൊണ്ട് തൻ്റെ കോട്ട് എടുത്തു കാണിച്ചു. എന്നിട്ട് പറഞ്ഞു

“ഈ കോട്ട് ധരിച്ചാണ് ഞാൻ നിങ്ങളോടൊപ്പം വന്നത്. ഇത് ധരിച്ചു കഴിഞ്ഞാൽ എന്നെ ആർക്കും തന്നെ കാണാൻ കഴിയില്ല.”

എന്നിട്ട് അയാൾ ആ കോട്ട് ഇട്ടു കാണിച്ചു. സൈനികനെ ആർക്കും കാണാൻ കഴിഞ്ഞില്ല. എല്ലാവരും അത്ഭുതപ്പെട്ടു. രാജാവിന് വളരെയധികം സന്തോഷമായി അദ്ദേഹത്തിന് പിന്നെ മറ്റൊന്നും ചിന്തിക്കേണ്ടതായി വന്നില്ല. അദ്ദേഹം സൈനികനോട് പറഞ്ഞു. 

“കൊള്ളാം നമുക്ക് വളരെയധികം സന്തോഷമായി. താങ്കൾ ഉദ്യമത്തിൽ വിജയിച്ചിരിക്കുന്നു. വിളംബരം ചെയ്തതുപോലെ രാജകുമാരിമാരിൽ ഒരാളെ താങ്കൾക്ക് വിവാഹം കഴിക്കാം.”

“നിങ്ങൾക്കിതിൽ ഏത് രാജകുമാരിയെയാണ് വിവാഹം കഴിക്കാൻ താല്പര്യം?”

സൈനികൻ ഒരു നിമിഷം ചിന്തിച്ചു എന്നിട്ട് പറഞ്ഞു

“അല്ലയോ രാജാവേ പ്രായം കൊണ്ട് എനിക്ക് ചേരുന്നത് ആദ്യത്തെ രാജകുമാരിയാണ്. അങ്ങെനിക്ക് ആദ്യത്തെ രാജകുമാരിയെ വിവാഹം ചെയ്തു തന്നാലും.”
അങ്ങനെ രാജാവ് തൻ്റെ മൂത്തമകളെ ആ സൈനികന് വിവാഹം കഴിപ്പിച്ചു കൊടുത്തു. കൂടാതെ അയാളെ ഭാവിയിലെ രാജാവായി വാഴിക്കുകയും ചെയ്തു.

Enjoyed The Dancing Princesses Story? Read More

English Summary: Princesses Story – The Twelve Dancing Princesses

Ichu ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

9 Comments on നൃത്തം ചെയ്യുന്ന പന്ത്രണ്ട് രാജകുമാരിമാർ

  1. Very nice story. I was searching for Malayalam stories finally I got a very good website. We read your stories every night. Thank you and waiting for more stories.

    മറുപടി