വിജയനഗര സാമ്രാജ്യത്തിലെ രാജാവായ കൃഷ്ണദേവരായരുടെ സദസ്സിലെ കവിയും വിദൂഷകനും ആയിരുന്നു തെനാലിരാമൻ. പണ്ഡിതനായിരുന്ന അദ്ദേഹം വളരെയധികം കൗശലക്കാരനും ആയിരുന്നു. ദിവസവും രാവിലെ തെനാലിരാമൻ കൊട്ടാരത്തിലേക്ക് പോവുകയും രാത്രിയാകുമ്പോൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം പതിവുപോലെ തെനാലിരാമൻ കൊട്ടാരത്തിൽ നിന്നും രാത്രി വീട്ടിലേക്ക് വരുകയായിരുന്നു. അപ്പോഴാണ് വീടിന് പുറത്ത് രണ്ട് കള്ളന്മാർ പതുങ്ങി നിൽക്കുന്നത് തെനാലിരാമന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ തന്റെ വീട്ടിൽ മോഷ്ടിക്കാൻ പദ്ധതി ഇട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. അതു കണ്ടിട്ടും കാണാത്തതു പോലെ അദ്ദേഹം തന്റെ വീട്ടിലേക്ക് കയറി പോയി.
വീട്ടിനകത്തു കയറിയ തെനാലിരാമൻ ഭാര്യയോട് പുറത്തു കള്ളന്മാരെ കണ്ട കാര്യം പറഞ്ഞു. കള്ളന്മാരെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അവർ തീരുമാനിച്ചു. അതിനായി ഒരു പദ്ധതിയും അവർ ആസൂത്രണം ചെയ്തു. എന്നിട്ട് ഒന്നുമറിയാത്തതു പോലെ കള്ളന്മാർ കേൾക്കെ ഉച്ചത്തിൽ ഭാര്യയോട് പറഞ്ഞു.
“നമ്മുടെ രാജ്യത്ത് ഇപ്പോൾ മോഷണം കൂടുതലാണെന്ന് കൊട്ടാരത്തിൽ പറയുന്നത് കേട്ടു. എപ്പോഴാണ് കള്ളന്മാർ നമ്മുടെ വീട്ടിലും വരുന്നതെന്ന് അറിയില്ല. അതുകൊണ്ട് നമുക്കൊരു കാര്യം ചെയ്യാം. കയ്യിലുള്ള സ്വർണവും പണവുമെല്ലാം ഒരു പെട്ടിയിലാക്കി നമ്മുടെ കിണറ്റിലിടാം. അതാകുമ്പോൾ ആർക്കും എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ കള്ളന്മാർ മോഷ്ടിക്കും എന്ന പേടിയും വേണ്ട.”
ഇതുകേട്ട ഭാര്യ പറഞ്ഞു.
“നിങ്ങൾ പറയുന്നത് ശരിയാണ്. ഞാൻ ഒരു പെട്ടി എടുത്തു കൊണ്ടു വരാം. എന്നിട്ട് നമുക്ക് ഇപ്പോൾ തന്നെ എല്ലാം പെട്ടിയിലാക്കി കിണറ്റിലിടാം.”
തെനാലിരാമന്റെയും ഭാര്യയുടെയും സംഭാഷണമെല്ലാം പുറത്തു നിന്ന് ശ്രദ്ധിച്ച കള്ളന്മാർ പറഞ്ഞു.
“എന്തായാലും ഇന്നു തന്നെ വന്നതു നന്നായി. അവരുടെ പദ്ധതി മനസ്സിലാക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ വീട് മുഴുവൻ പരിശോധിച്ച് നിരാശപ്പെടേണ്ടി വന്നേനെ. ഇതിപ്പോൾ അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ സ്വർണവും പണവുമെല്ലാം കൈക്കലാക്കാം.”
എന്നിട്ടവർ തെനാലിരാമൻ പെട്ടി കിണറ്റിലിടുന്നതും കാത്തു നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ തെനാലിരാമനും ഭാര്യയും പെട്ടിയുമായി പുറത്തു വന്നു. അപ്പോൾ തെനാലിരാമൻ പറഞ്ഞു
“എന്തൊരു ഭാരമാണ് ഈ പെട്ടിക്ക്. സൂക്ഷിച്ചു വേണം ഇറക്കാൻ. നമ്മുടെ ഇതുവരെയുള്ള സമ്പാദ്യം മുഴുവനുമുണ്ട് ഇതിനുള്ളിൽ.”
ഇതും പറഞ്ഞു തെനാലിരാമനും ഭാര്യയും കൂടി സൂക്ഷിച്ചു ആ പെട്ടി കിണറ്റിലിട്ടു. എന്നിട്ട് ഒന്നുമറിയാത്തതു പോലെ ഉറങ്ങാനായി മുറിയിലേക്ക് പോയി. ഇത് കണ്ടതും ഒരു കള്ളൻ പറഞ്ഞു
“ഇത്രയും വലിയ പെട്ടി. അതു നിറയെ സ്വർണവും പണവും. അത് കിട്ടിയാൽ പിന്നെ അധ്വാനിക്കാതെ സുഖമായി ജീവിക്കാം.”
ഇതും പ്രതീക്ഷിച്ചു കൊണ്ട് കള്ളന്മാർ തെനാലിരാമനും ഭാര്യയും ഉറങ്ങുന്നതും കാത്തു വീടിനു പുറത്തിരുന്നു.
അവർ ഉറങ്ങി എന്ന് ഉറപ്പായതിനു ശേഷം കള്ളന്മാർ കിണറ്റിനരുകിലെത്തി. കിണറ്റിൽ എത്തി നോക്കിയിട്ട് ഒരു കള്ളൻ പറഞ്ഞു.
“കിണറ്റിൽ വെള്ളം കൂടുതലാണ്.”
രണ്ടാമത്തെ കള്ളനും പറഞ്ഞു
“അതെ കിണറ്റിൽ വെള്ളം കൂടുതലാണ്. ഇത്രയും വെള്ളം ഉള്ളപ്പോൾ കിണറ്റിലിറങ്ങി പെട്ടി എടുക്കാൻ കഴിയില്ല. നമുക്കൊരു കാര്യം ചെയ്യാം. ആദ്യം കുറേ വെള്ളം കോരി മാറ്റാം. വെള്ളം കുറഞ്ഞിട്ട് കിണറ്റിലിറങ്ങി പെട്ടിയെടുക്കാം.”
തുടർന്ന് രണ്ടു പേരും കൂടി വെള്ളം കോരാൻ തുടങ്ങി. കിണറ്റിൽ നല്ല ഉറവ ഉള്ളതുകാരണം വെള്ളം കുറഞ്ഞില്ല. എന്നാലവർ കിട്ടാൻ പോകുന്ന സൗഭാഗ്യം ഓർത്തപ്പോൾ അതിൽ നിന്നും പിന്മാറാനും തയ്യാറായില്ല. പുലരാറായപ്പോഴേക്കും കിണറ്റിലെ വെള്ളം കുറഞ്ഞു തുടങ്ങി. ഉടൻതന്നെ ഒരു കള്ളൻ കിണറ്റിലിറങ്ങി പെട്ടിയെടുത്തു. പെട്ടിയുമായി പുറത്തുവന്ന കള്ളൻ പറഞ്ഞു
“എന്തൊരു ഭാരമാണ് ഈ പെട്ടിക്ക്. ഇനിയുള്ള കാലം സുഖമായി ജീവിക്കാൻ ഇതിലുള്ളത് മതിയാകും.”
ഇതുകേട്ട അടുത്ത കള്ളൻ പറഞ്ഞു.
“തീർച്ചയായും. തന്റെ സമ്പാദ്യം മുഴുവൻ കിണറ്റിലിടാൻ തോന്നിയ തെനാലിരാമൻ ഒരു മണ്ടൻ തന്നെയാണ്.”
ഇതും പറഞ്ഞ് അവർ ഉടൻതന്നെ പെട്ടിയുടെ പൂട്ട് പൊളിക്കാൻ തുടങ്ങി. പൂട്ടുപൊളിച്ച് പെട്ടി തുറന്നതും അവർ ഞെട്ടിപ്പോയി. പെട്ടി നിറയെ സ്വർണവും പണവും പ്രതീക്ഷിച്ച അവർ അതിനകത്ത് കണ്ടത് വലിയ പാറക്കല്ലുകളായിരുന്നു.
അപ്പോഴാണ് കള്ളന്മാർക്ക് തെനാലിരാമൻ തങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലായത്. അവർ നിരാശയോടെ പിടിക്കപ്പെടുന്നതിനു മുൻപ് അവിടെ നിന്ന് രക്ഷപ്പെടാൻ ഒരുങ്ങി.
അവർ പോകാൻ തുടങ്ങിയതും പുറകിൽ നിന്നൊരു വിളികേട്ടു. അവർ തിരിഞ്ഞു നോക്കിയപ്പോൾ അതാ നിൽക്കുന്നു നമ്മുടെ തെനാലിരാമൻ. തെനാലിരാമനെ കണ്ട കള്ളന്മാർ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങി. ഉടൻതന്നെ തെനാലിരാമൻ കള്ളന്മാരോട് പറഞ്ഞു.
“നിങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്. ഞാനെന്റെ പറമ്പൊക്കെ ഒന്നു നനയ്ക്കണം എന്ന് കരുതിയിട്ടു ദിവസങ്ങളായി. ജോലിത്തിരക്ക് കാരണം എനിക്കതിന് ഇതുവരെ കഴിഞ്ഞില്ല. നിങ്ങൾ എന്റെ പറമ്പൊക്കെ നന്നായി നനച്ചുതന്നു. വീണ്ടും അതിനു നന്ദി പറയുന്നു.”
ഇതുകേട്ട കള്ളന്മാർ നാണിച്ച് അവിടെ നിന്നും ഓടിപ്പോയി.
Enjoyed The Kids And Students Story? Read More Stories
English Summary: Tenali Raman And The Thieves, kids and students story in Malayalam
Nice story
Thank you 😊