പണ്ടു പണ്ട് അക്ബർ ചക്രവർത്തി രാജ്യം ഭരിക്കുന്ന കാലം. ഒരിക്കൽ രാജ്യത്ത് കടുത്ത ശൈത്യകാലം വന്നു. നല്ല തണുപ്പും കടുത്ത മഞ്ഞുവീഴ്ചയും കാരണം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ നല്ല തണുപ്പുള്ള ഒരു ദിവസം വൈകുന്നേരം അക്ബറും ബീർബലും കൂടി നടക്കാനായി ഇറങ്ങി. നടന്നു നടന്നവർ ഒരു തടാകത്തിന്റെ അരികിലെത്തി. സംസാരത്തിനിടയിൽ അക്ബർ തന്റെ കൈ കൊണ്ട് തടാകത്തിലെ വെള്ളത്തിൽ ഒന്നു തൊട്ടു. വെള്ളത്തിന്റെ തണുപ്പു കാരണം അക്ബർ ഉടൻ തന്നെ തന്റെ കൈ പിൻവലിച്ചു. എന്നിട്ട് ബീർബലിനോട് പറഞ്ഞു
“എന്തൊരു തണുപ്പാണ് ഈ വെള്ളത്തിന്. ഇത്രയും തണുപ്പത്ത് ആർക്കും തന്നെ ഈ തടാകത്തിലെ വെള്ളത്തിൽ ഇറങ്ങാൻ കഴിയുമെന്നു എനിക്ക് തോന്നുന്നില്ല.”
എന്നാൽ ബീർബലിന് രാജാവ് പറഞ്ഞതു അംഗീകരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം രാജാവിനോട് ഇപ്രകാരം പറഞ്ഞു
“അങ്ങനെയല്ല ചക്രവർത്തി ഈ തണുപ്പിനെ അതിജീവിച്ചും ധാരാളം പേർ കുളിക്കാനും വെള്ളം എടുക്കാനുമായി ദിവസവും ഈ തടാകത്തിൽ ഇറങ്ങാറുണ്ട്.”
എന്നാൽ ബീർബലിന്റെ വാക്കുകൾ രാജാവിന് അത്രത്തോളം രസിച്ചില്ല. അദ്ദേഹം ഒരു നിമിഷം ചിന്തിച്ചു. എന്നിട്ടു ബീർബലിനോടായി ഇപ്രകാരം പറഞ്ഞു
“അങ്ങനെയാണെങ്കിൽ ഈ തണുപ്പിനെ അതിജീവിച്ച് തടാകത്തിൽ ഒരു രാത്രി മുഴുവൻ നിൽക്കാൻ കഴിയുന്നവരും ഉണ്ടായിരിക്കണം അല്ലേ ബീർബൽ? അങ്ങനെ ഒരാൾ ഒരു രാത്രി മുഴുവൻ ഈ തടാകത്തിൽ നിൽക്കുകയാണെങ്കിൽ തീർച്ചയായും അയാൾക്ക് ഞാൻ ആയിരം സ്വർണനാണയം സമ്മാനമായി നൽകുന്നതായിരിക്കും.”
രാജാവ് തന്നെ പരിഹസിക്കുകയാണെന്നു മനസിലാക്കിയ ബീർബൽ മറുപടി ഒന്നും പറഞ്ഞില്ല. കുറച്ചു സമയത്തിന് ശേഷം അക്ബറും ബീർബലും കൂടി കൊട്ടാരത്തിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ബീർബൽ തടാകത്തിലെ തണുത്തുറഞ്ഞ വെള്ളത്തിൽ ഒരു രാത്രി മുഴുവൻ നിൽക്കുന്നതിനു വേണ്ടി ഒരാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ അതിനു തയ്യാറായ ഒരാളെ അദ്ദേഹം കണ്ടെത്തുകയും ചെയ്തു. അയാൾ വളരെയധികം ദരിദ്രനായിരുന്നു. അതുകൊണ്ടു തന്നെ ആയിരം സ്വർണനാണയം എന്ന് കേട്ടപ്പോൾ എന്തു ത്യാഗം സഹിക്കാനും അയാൾ തയ്യാറായിരുന്നു. അങ്ങനെ അയാൾ ബീർബലിനോടൊപ്പം കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.
കൊട്ടാരത്തിലെത്തിയ അയാൾ രാജാവിനോനോട് ഇപ്രകാരം പറഞ്ഞു.
“അല്ലയോ പ്രഭു, ഒരു രാത്രി മുഴുവൻ തടാകത്തിലെ തണുത്തുറഞ്ഞ വെള്ളത്തിൽ നിൽക്കുന്നവർക്ക് ആയിരം സ്വർണനാണയം നൽകും എന്ന് അറിഞ്ഞിട്ടാണ് ഞാൻ വന്നത്. അങ്ങ് അനുവാദം നൽകുകയാണെങ്കിൽ തീർച്ചയായും ഞാൻ അതിന് തയ്യാറാണ്.”
ഇതു കേട്ട രാജാവ് ആശ്ചര്യപ്പെട്ടു. എന്നിട്ട് അയാളോട് പറഞ്ഞു
“എന്ത് ഒരു രാത്രി മുഴുവൻ ആ തണുത്തുറഞ്ഞ തടാകത്തിൽ നിൽക്കുമെന്നോ? എന്നാൽ അതൊന്നു കാണണമല്ലോ.”
ഇതും പറഞ്ഞു തടാകത്തിൽ ഒരു രാത്രി മുഴുവൻ നിൽക്കാൻ അയാൾക്ക് അനുവാദവും നൽകി. മാത്രമല്ല രണ്ടു കാവൽക്കാരെ തടാകത്തിൽ അയാളെ നിരീക്ഷിക്കാനും ഏർപ്പാടാക്കി. തടാകത്തിൽ ഇറങ്ങുമ്പോഴും തനിക്കു സമ്മാനമായി കിട്ടുന്ന ആയിരം സ്വർണനാണയങ്ങൾ കൊണ്ട് തന്റെ ദാരിദ്യം പൂർണമായും മാറ്റാം എന്ന പ്രതീക്ഷയായിരുന്നു ദരിദ്രനായ അയാളുടെ മനസ്സിൽ മുഴുവൻ. അതുകൊണ്ടു തന്നെ ആ തടാകത്തിലെ കൊടും തണുപ്പുള്ള വെള്ളത്തിൽ വളരെയധികം കഷ്ടപ്പെട്ട് അയാൾ ഒരു രാത്രി മുഴുവൻ കഴിച്ചു കൂട്ടി.
അടുത്ത ദിവസം രാവിലെ തന്നെ അയാൾ സന്തോഷത്തോടെ രാജാവിനെ കാണാനായി കൊട്ടാരത്തിലെത്തി. രാജാവിനെ കണ്ടതും അയാൾ സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞു.
“അല്ലയോ പ്രഭു, ഞാൻ ഇന്നലെ രാത്രി മുഴുവൻ ആ തണുത്തുറഞ്ഞ തടാകത്തിൽ തന്നെ നിന്നു.”
ഇതു കേട്ട രാജാവിന് അത്ഭുതമായി. അദ്ദേഹം ഉടൻ തന്നെ കാവൽ നിന്ന ഭടന്മാരെ വിളിച്ചു വരുത്തി. ഇദ്ദേഹം രാത്രി മുഴുവൻ തടാകത്തിൽ നിന്നു എന്ന് ഉറപ്പു വരുത്തി. അതിനു ശേഷം അയാളോട് ചോദിച്ചു
“നിങ്ങൾക്ക് എങ്ങനെയാണ് ഈ തണുപ്പിനെ അതിജീവിച്ച് ആ തടാകത്തിൽ രാത്രി മുഴുവൻ നിൽക്കാൻ കഴിഞ്ഞത്?”
രാജാവിന്റെ ചോദ്യം കേട്ടതും ആ ദരിദ്രനായ മനുഷ്യൻ പറഞ്ഞു
“തടാകത്തിനു വളരെ അകലെയായി ഞാനൊരു വീട് കണ്ടു. ആ വീട്ടിൽ രാത്രി മുഴുവൻ ഒരു വിളക്കു കത്തുന്നുണ്ടായിരുന്നു. ഞാൻ ആ വിളക്കിന്റെ പ്രകാശവും നോക്കിയാണ് തടാകത്തിൽ നിന്നത്.”
ഇതുകേട്ടതും രാജാവ് ഒരു നിമിഷം ചിന്തിച്ചു. എന്നിട്ടു അയാളോട് ഇപ്രകാരം പറഞ്ഞു
“അപ്പോൾ ആ വിളക്കിന്റെ ചൂടു കൊണ്ടാണ് നിങ്ങൾ രാത്രി മുഴുവൻ തടാകത്തിൽ നിന്നത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് സമ്മാനം നൽകുവാനാകില്ല.”
ദരിദ്രനായ ആ മനുഷ്യന് രാജാവ് പറഞ്ഞതു കേട്ട് വളരെയധികം ദുഃഖമായി. അയാൾ വിഷമത്തോടെ ബീർബലിനെ ചെന്നു കണ്ടു കാര്യം പറഞ്ഞു. സംഭവിച്ചതെല്ലാം അറിഞ്ഞ ബീർബൽ അയാളോട് പറഞ്ഞു
“വിഷമിക്കേണ്ട, നിങ്ങൾ തീർച്ചയായും സമ്മാനത്തിന് അർഹനാണ്. ഉറപ്പായും ഞാൻ നിങ്ങൾക്ക് അവകാശപ്പെട്ട സമ്മാനം വാങ്ങി നൽകുന്നതായിരിക്കും”
എന്നിട്ടു എത്രയും വേഗം ഇതിനൊരു പരിഹാരം കാണാൻ തന്നെ ബീർബൽ തീരുമാനിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹം അന്നും അടുത്ത ദിവസങ്ങളിലും സഭയിലേക്ക് പോയില്ല. ബീർബലിനെ സഭയിൽ കാണാതായപ്പോൾ അക്ബർ അദ്ദേഹത്തിനെ തിരക്കി ഭടന്മാരെ അയച്ചു. തന്റെ വീട്ടിലെത്തിയ ഭടന്മാരോട് ബീർബൽ പറഞ്ഞു
“ഞാനൊരു കിച്ചടി ഉണ്ടാക്കുകയാണ്. അതുണ്ടാക്കി കഴിഞ്ഞാലുടൻ സഭയിൽ എത്താം എന്നു രാജാവിനോട് പറയൂ.”
എന്നാൽ അടുത്ത ദിവസങ്ങളിലും ബീർബൽ സഭയിലേക്ക് പോയില്ല. ഇതു കണ്ട് സംശയം തോന്നിയ രാജാവ് ബീർബലിനെ അന്വേഷിച്ചു അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. അവിടെ എത്തിയ രാജാവ് ബീർബലിനോട് സഭയിൽ വരാതിരുന്നതിനുള്ള കാരണം അന്വേഷിച്ചു.
ഉടൻ തന്നെ ബീർബൽ രാജാവിനോട് പറഞ്ഞു
“അല്ലയോ പ്രഭു, ഞാനൊരു കിച്ചടി ഉണ്ടാക്കുകയായിരുന്നു. അതുണ്ടാക്കി കഴിഞ്ഞു സഭയിലേക്ക് വരാം എന്ന് കരുതി. പക്ഷേ കിച്ചടി ഇതുവരെയും തയ്യാറായില്ല. അതുകൊണ്ടാണ് ഞാൻ സഭയിലേക്ക് വരാത്തത്.”
ഇതു കേട്ട രാജാവ് അതിശയത്തോടെ ചോദിച്ചു
“അതെന്ത് കിച്ചടിയാണ് നിങ്ങൾ ഉണ്ടാക്കുന്നത് ? അതിന് ഇത്രയും ദിവസം എടുക്കുന്നത് എന്തിനാണ് ?”
ഇതും പറഞ്ഞ് രാജാവ് ബീർബൽ ഉണ്ടാക്കുന്ന കിച്ചടി കാണുവാനായി പോയി. അവിടെ എത്തിയ രാജാവ് ആ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു.
കിച്ചടി ഉണ്ടാക്കുന്നതിനായുള്ള കലം അടുപ്പിനു മുകളിൽ വയ്ക്കുന്നതിന് പകരം വളരെ ഉയരത്തിൽ ആയിരുന്നു ബീർബൽ തൂക്കി ഇട്ടിരുന്നത്. അതിനു ഒരുപാട് താഴെയായി വിളക്കിന്റെ നാളത്തിനു സമാനമായി മാത്രം തീ കത്തുന്നുണ്ടായിരുന്നു. ഇതു കണ്ട രാജവ് ചോദിച്ചു
“ഇതെന്താണ് ? ഇത്രയും ചെറിയ ചൂടിൽ ഇത്രയും അകലത്തിലുള്ള പാത്രത്തിൽ എങ്ങനെയാണ് ഈ കിച്ചടി പാകം ചെയ്യാൻ കഴിയുന്നത് ?”
അപ്പോൾ പുഞ്ചിരിച്ചു കൊണ്ട് ബീർബൽ മറുപടി പറഞ്ഞു
“തടാകത്തിനു വളരെ അകലെയുള്ള ഒരു വിളക്കിന്റെ ചൂട് കൊണ്ട് തണുത്തുറഞ്ഞ തടാകത്തിൽ ഒരു രാത്രി മുഴുവൻ ഒരാൾക്ക് നിൽക്കാൻ കഴിയുമെങ്കിൽ തീർച്ചയായും ഈ തീയുടെ ചൂടുകൊണ്ട് കിച്ചടിയും ഉണ്ടാക്കാം.”
ഇതു കേട്ട രാജാവിന് ബീർബൽ ഇത്തരത്തിൽ കിച്ചടി ഉണ്ടാക്കിയതിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായി. തന്റെ തെറ്റ് ചൂണ്ടി കാണിച്ചതിന് അക്ബർ ബീർബലിനോട് നന്ദി പറയുകയും അദ്ദേഹത്തിന്റെ ബുദ്ധി വൈഭവത്തെ പ്രശംസിക്കുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ആ ദരിദ്രനായ മനുഷ്യനെ കൊട്ടാരത്തിലേക്ക് വിളിപ്പിക്കുകയും അയാൾക്ക് അർഹതപ്പെട്ട ആയിരം സ്വർണനാണയം സമ്മാനമായി നൽകുകയും ചെയ്തു.
ബീർബലിന്റെ കിച്ചടി കഥ കേൾക്കാം
Read More Stories for Kids
- അത്യാഗ്രഹിയായ കാക്ക
- രാജ്യത്തിലെ കാക്കകൾ
- അന്നയും കുറുനരിയും
- കുറുക്കനു പറ്റിയ അമളി
- വേട്ടക്കാരനും നാല് സുഹൃത്തുക്കളും
English Summary: Birbal’s Khichadi story in Malayalam, Birbal and Akbar’s story
Super interesting stories
Nice 👌👌👌👌
Thank you 😊
Nice👌👌👌
Thank you 😊