Follow

Subscribe

രാജ്യത്തിലെ ഏറ്റവും വലിയ വിഡ്ഢി

Tenali Raman Stories

ദയവായി ശ്രദ്ധിക്കുക! ഈ ഉള്ളടക്കത്തിന്റെ പകർപ്പവകാശം സംരക്ഷിച്ചിരിക്കുന്നു. അനുവാദമില്ലാതെയുള്ള ഉപയോഗം നിയമപരമായ നടപടികൾക്ക് ഇടയാക്കുന്നതാണ്. കൂടുതൽ അറിയൂ...

രാജാവായ കൃഷ്ണദേവരായർക്ക് കുതിരകളെ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തൻ്റെ കൊട്ടാരത്തിൽ കുതിരകളെ പർപ്പിക്കുന്നതിനായി ഒരു വലിയ കുതിരാലയം പണിതിരുന്നു. അതിൽ പലതരത്തിലുള്ള നിരവധി കുതിരകളെയും വളർത്തിയിരുന്നു.  രാജാവിൻ്റെ ഈ കുതിര സ്നേഹം പ്രസിദ്ധവുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കുതിര വ്യാപാരി കൊട്ടാരത്തിലെത്തി. രാജാവിനെ മുഖം കാണിച്ചു. എന്നിട്ട് പറഞ്ഞു. 

“അല്ലയോ രാജാവേ, ഞാൻ അയൽ രാജ്യത്തുനിന്നും വന്നതാണ്. എൻ്റെ പക്കൽ അറേബ്യയിൽ നിന്നും കൊണ്ടുവന്ന ഒരു കുതിരയുണ്ട്. ഞാൻ അതിനെ വിൽക്കുവാൻ വേണ്ടി വന്നതാണ്. അപ്പോഴാണ് അങ്ങയുടെ കുതിര സ്നേഹത്തെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നല്ല കുതിരയെ മറ്റാർക്കെങ്കിലും നൽകുന്നതിനെക്കാൾ അങ്ങേയ്ക്ക് നൽകുന്നതാണ് ഉചിതമെന്നു തോന്നി. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടേക്കു വന്നത്.”

ഇതുകേട്ടതും രാജാവിന് വളരെയധികം സന്തോഷമായി. അദ്ദേഹം വ്യാപാരിയോട്  കുതിരയെ കൊണ്ടുവരുവാൻ ആവശ്യപെട്ടു. കുതിരയെ കണ്ടമാത്രയിൽ തന്നെ രാജാവിനു കുതിരയെ നന്നേ ഇഷ്ടപ്പെട്ടു.

“കൊള്ളാം നല്ല ലക്ഷണമൊത്ത കുതിര. എൻ്റെ കുതിരകളുടെ കൂട്ടത്തിൽ ഈ കുതിര കൂടി വന്നാൽ അതെനിക്ക് വളരെ സന്തോഷമുള്ള കാര്യം തന്നെയാണ്.”

ഇതുകേട്ടതും വ്യാപാരി സന്തോഷത്തോടെ രാജാവിനെ അറിയിച്ചു.

“അല്ലയോ രാജാവേ, കുതിരയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ എനിക്ക് അതിയായ അഹ്ലാദമുണ്ട്. എൻ്റെ പക്കൽ  ഇതുപോലുള്ള രണ്ടു കുതിരകൾ കൂടിയുണ്ട്. അങ്ങേയ്ക്ക് ആ കുതിരകളെയും തീർച്ചയായും ഇഷ്ടപ്പെടും. ആ കുതിരകളെയും ഞാൻ അറേബ്യയിൽ നിന്ന് കൊണ്ടുവന്നതു തന്നെയാണ്. ഞാനിന്ന് ഈയൊരു കുതിരയെ മാത്രമാണ് കൊണ്ടുവന്നത്. അങ്ങേയ്ക്ക് വേണമെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആ കുതിരകളെയും ഞാൻ കൊട്ടാരത്തിൽ കൊണ്ടുവരാം.”

കുതിര സ്നേഹിയായ രാജാവിന് ഇതുകേട്ടതും സന്തോഷമായി. അദ്ദേഹം പറഞ്ഞു

” കൊള്ളാം ഇതുപോലെ ലക്ഷണമൊത്ത കുതിരകളാണെങ്കിൽ അവയെയും വാങ്ങുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ.  അതിനു മുൻകൂറായി 5000 സ്വർണ നാണയങ്ങൾ ഇപ്പോൾ തന്നെ നിങ്ങൾക്ക് നൽകുന്നതായിരിക്കും.”

5000 സ്വർണനാണയങ്ങൾ മുൻകൂറായി കിട്ടിയപ്പോൾ ആഹ്ലാദഭരിതനായ വ്യാപാരി

“രണ്ട് ദിവസത്തിനുള്ളിൽ തന്നെ മറ്റു രണ്ടു കുതിരകളെയും കൊണ്ട് ഞാൻ മടങ്ങി വരുന്നതായിരിക്കും.”

എന്നു രാജാവിന് ഉറപ്പും കൊടുത്ത് സ്വർണനാണയങ്ങളും വാങ്ങി പോയി.

രാജാവാകട്ടെ ബാക്കി രണ്ട് കുതിരകളെയും പ്രതീക്ഷിച്ചിരുന്നു. രണ്ടുദിവസം എന്നുള്ളത് രണ്ടാഴ്ചയും രണ്ടുമാസവുമായി  എന്നാൽ വ്യാപാരി വന്നതേയില്ല. രാജാവും കൊട്ടാരത്തിലുള്ളവരും എല്ലാം ക്രമേണ ഈ കുതിരയുടെ കാര്യം വിസ്മരിച്ചു

അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് കൊട്ടാരത്തിലെ പൂന്തോട്ടത്തിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു മരച്ചുവട്ടിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന തെനാലിരാമനെ കണ്ടത്. രാജാവ് തെനാലിരാമൻ്റെ അടുത്തേക്ക് പോയി. രാജാവിനെ കണ്ടതും തെനാലിരാമൻ താൻ എഴുതികൊണ്ടിരുന്നത് മറച്ചുവച്ചു. ഇതുകണ്ട രാജാവിന് സംശയമായി. അദ്ദേഹം തെനാലിരാമനോട് ചോദിച്ചു.

“നിങ്ങളെന്താണ് എഴുതി കൊണ്ടിരുന്നത്? എന്നെ കണ്ടപ്പോൾ എന്തുകൊണ്ടാണ് മറച്ചുവച്ചത്?”

എന്നാൽ തെനാലിരാമൻ ഇതിനു മറുപടിയൊന്നും പറയാതെ മിണ്ടാതെ നിന്നു. ഇതുകണ്ട രാജാവിന് സംശയവും ആകാംഷയും വർധിച്ചു. ഒടുവിൽ രാജാവിൻ്റെ നിർബദ്ധം കാരണം തെനാലിരാമന് താൻ എഴുതി കൊണ്ടിരുന്നത്  രാജാവിൻ്റെ കയ്യിൽ കൊടുക്കേണ്ടി വന്നു. അത് വാങ്ങി വായിച്ചു നോക്കിയ രാജാവ് തെനാലിരാമനോട് ചോദിച്ചു.

“ഇതെന്താണ് ഇതിൽ നമ്മുടെ രാജ്യത്തെ  ഒരുപാട് പേരുടെ പേരുകൾ എഴുതിയിട്ടുണ്ടല്ലോ? ഇതിൽ ആദ്യത്തെ പേര് എൻ്റേതാണല്ലോ. എന്തിനാണ് ഇങ്ങനെ പേരുകൾ എഴുതി കൊണ്ടിരുന്നത്?

ഇതുകേട്ട തെനാലിരാമൻ പറഞ്ഞു

“അങ്ങ് കോപിക്കുക ഇല്ലെങ്കിൽ മാത്രം ഇതിനുള്ള ഉത്തരം ഞാൻ പറയാം.”

രാജാവ് കോപിക്കുകയില്ലെന്ന് തെനാലിരാമന് ഉറപ്പുകൊടുത്തു. 

രാജാവിൻ്റെ ഉറപ്പു കിട്ടിയപ്പോൾ തെനാലിരാമൻ പറഞ്ഞു.

“ഞാൻ ഈ രാജ്യത്തിലെ വിഡ്ഢികളുടെ കണക്കെടുക്കുകയായിരുന്നു. അതിനു വേണ്ടിയാണ് ഈ പേരുകൾ എഴുതിയത് “.

ഇതുകേട്ട രാജാവ് അമ്പരന്നു.

“അങ്ങനെയാണെങ്കിൽ എൻ്റെ പേരാണല്ലോ ഇതിൽ ആദ്യം എഴുതിയിരിക്കുന്നത്. അതെന്തിനാണ്?”

ഉടൻതന്നെ തെനാലിരാമൻ  രാജാവിനെ കുതിര വ്യാപാരിയുടെ കാര്യം ഓർമിപ്പിച്ചു. ഒരു പരിചയവും ഇല്ലാത്ത ഒരാൾക്ക് 5000 സ്വർണനാണയം മുൻകൂറായി നൽകിയ രാജാവിൻ്റെ വിഡ്ഢിത്തത്തെക്കുറിച്ചും പറഞ്ഞു.

അപ്പോൾ രാജാവ് തെനാലിരാമനോട് ചോദിച്ചു.

“അങ്ങ് എന്താണ് കരുതുന്നത്? ഇനി ഒരിക്കലും ആ കുതിര വ്യാപാരി വരില്ല എന്നാണോ?”

ചിരിച്ചുകൊണ്ട് തെനാലിരാമൻ പറഞ്ഞു.

“ഒരിക്കലും അയാൾ തിരിച്ചുവരാൻ പോകുന്നില്ല. ഇനിയൊരു പക്ഷേ അയാൾ വരുകയാണെങ്കിൽ ഞാനിതിൽ അങ്ങയുടെ പേര് മാറ്റി പകരം ആ കുതിര കച്ചവടക്കാരൻ്റെ പേരെഴുതും.”

ഇതുകേട്ട രാജാവിനു തൻ്റെ വിഡ്ഢിത്തം മനസ്സിലായി. അദ്ദേഹം പിന്നീട് ഒരിക്കലും  അപരിചിതരെ കണ്ണുമടച്ച് വിശ്വസിച്ചതേയില്ല.

Read More Funny Bedtime Stories

English Summary: Funny bedtime stories for children -The biggest fool in the Kingdom
The biggest fool in the Kingdom is one of the funny bedtime stories of Tenali Raman. This story can tell to children as one of the funny bedtime stories. The plot of the story is that Tenali Raman points out a mistake made by King Krishnadevaraya. Here you can see Tenali Raman handling the situation with humor without offending the king with his intellect. Don’t forget to tell this story to your children as one of the funny bedtime stories.

Story Malayalam ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

4 Comments on രാജ്യത്തിലെ ഏറ്റവും വലിയ വിഡ്ഢി

  1. I love these types of stories…..👍👍👍👍👍👍
    And it will give moral also 🤩🤩🤩🤩🤩
    Good ok…..👋👋👩🏻‍🦰👩🏻‍🦰👩🏻‍🦰
    From krishnapriya k 6A…

    മറുപടി