മുഗൾവംശ രാജാവായ അക്ബർ ചക്രവർത്തിയുടെ മുഖ്യ സേനാപതിയും മന്ത്രിയുമായിരുന്നു ബീർബൽ. വളരെയധികം ബുദ്ധിമാനായിരുന്നു അദ്ദേഹം. ബീർബലിൻ്റെ ബുദ്ധി വൈഭവത്തെക്കുറിച്ചുള്ള ധാരാളം കഥകൾ രാജ്യത്തിനകത്തും പുറത്തും പ്രചരിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം സ്വന്തം രാജ്യത്തു മാത്രമല്ല പുറത്തുള്ള മറ്റു രാജ്യങ്ങളിലും പ്രശസ്തനായിരുന്നു. അങ്ങനെയിരിക്കെ ഇറാൻ രാജാവും ബീർബലിൻെറ കഥകൾ കേൾക്കാനിടയായി. ഇത്രയും ബുദ്ധിമാനായ ഒരാളെ നേരിൽ കാണാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഇറാൻ രാജാവ് ബീർബലിനെ തൻ്റെ രാജ്യത്തിലേക്ക് അതിഥിയായി ക്ഷണിച്ചു. ഇറാൻ രാജാവ് തന്നെ അതിഥിയായി ക്ഷണിച്ചതിൽ ബീർബലിന് വളരെയധികം സന്തോഷമായി. ക്ഷണം സ്വീകരിച്ച ബീർബൽ ഇറാനിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.
ദിവസങ്ങളോളം യാത്രചെയ്ത് ബീർബൽ ഇറാനിൽ എത്തിച്ചേർന്നു. അദ്ദേഹം ഇറാനിൽ എത്തിയപ്പോഴേക്കും സമയം രാത്രിയായിരുന്നു. അതുകൊണ്ടുതന്നെ ബീർബൽ കരുതി
“ദിവസങ്ങളായി യാത്ര തുടങ്ങിയിട്ട് മാത്രമല്ല നല്ല ക്ഷീണവും ഉണ്ട്. അതുകൊണ്ട് രാത്രി ഏതെങ്കിലും സത്രത്തിൽ വിശ്രമിച്ച് ക്ഷീണമൊക്കെ മാറ്റാം. എന്നിട്ട് അടുത്ത ദിവസം രാവിലെ രാജാവിനെ കാണാനായി കൊട്ടാരത്തിലേക്ക് പോകാം.”
അങ്ങനെ അദ്ദേഹം ഒരു സത്രത്തിൽ എത്തിച്ചേർന്നു. രാത്രി മുഴുവൻ അവിടെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ ബീർബൽ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. കൊട്ടാരത്തിലെത്തിയ ബീർബൽ രാജാവിനെ മുഖം കാണിക്കാനായി സഭയിലേക്ക് പോയി. സഭയിലെത്തിയ ബീർബൽ അമ്പരന്നു. അവിടെ ഒരു രാജാവിന് പകരം നാല് രാജാക്കന്മാർ ഇരിക്കുന്നു. മാത്രമല്ല നാല് രാജാക്കൻമാരും ഒരു പോലെ വസ്ത്രം ധരിച്ചിരിക്കുന്നു. അവരുടെ കിരീടവും സിംഹാസനവും ആഭരണങ്ങളും ഇരിപ്പും എല്ലാം സമാനമായിരുന്നു. നാല് രാജാക്കന്മാരെ കണ്ട ബീർബൽ
സ്വയം പറഞ്ഞു
“ഇതെന്താണ്? ഒരു രാജാവിന് പകരം നാല് രാജാക്കന്മാരോ? യഥാർത്ഥ രാജാവിനെ ഇതിൽ നിന്നും ഞാൻ എങ്ങനെയാണ് കണ്ടുപിടിക്കുന്നത്? താനാണെങ്കിൽ ഇതുവരെ ഇറാൻ രാജാവിനെ ഒന്ന് കണ്ടിട്ട് പോലുമില്ല.”
ബീർബലിനെ കണ്ടിട്ട് നാല് രാജാക്കന്മാരും ഒരു ഭാവവ്യത്യാസവും കാണിച്ചില്ല. അവർ ബിർബലിനെയും നോക്കിയിരുന്നു. ബീർബലിനു കാര്യം മനസിലായി. ഇറാൻ രാജാവ് തന്നെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ബീർബൽ ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് ഒന്നും പറയാതെ അഞ്ചു മിനിട്ട് നാല് രാജാക്കന്മാരെയും നോക്കി മിണ്ടാതെ നിന്നു. അതിനുശേഷം ബീർബൽ ഒരു രാജാവിൻ്റെ മുൻപിൽ ചെന്നു നിന്നു പറഞ്ഞു
“മഹാനായ ഇറാൻ രാജാവിന് മുഗൾവംശ രാജാവ് അക്ബറിൻ്റെ മന്ത്രിയായ ബീർബലിൻ്റെ പ്രണാമം.”
ഇതുകണ്ട ഇറാൻ രാജാവ് അത്ഭുതപ്പെട്ടു. അദ്ദേഹം എഴുന്നേറ്റു നിന്ന് അഭിവാദ്യം സ്വീകരിച്ചു. എന്നിട്ട് ബീർബലിനോട് ചോദിച്ചു
“അങ്ങ് ഇതുവരെ എന്നെ കണ്ടിട്ടില്ലലോ. എന്നിട്ടും താങ്കൾ എങ്ങനെയാണ് ഞാനാണ് ഇറാൻ രാജാവെന്ന് മനസ്സിലാക്കിയത്?”
ബീർബൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
“ഞാൻ സഭയിലേക്ക് കയറിവന്നപ്പോൾ നാല് പേരും ഒരുപോലെ തന്നെയായിരുന്നു ഇരുന്നത്. നാലുപേരും അപ്പോൾ എന്നെ മാത്രം നോക്കിയിരുന്നു. അതുകൊണ്ട് തന്നെ എനിക്കപ്പോൾ യഥാർഥ രാജാവിനെ മനസിലാക്കാനായില്ല. എന്നാൽ ഞാൻ കുറച്ചു സമയം മിണ്ടാതെ നിന്നപ്പോൾ രാജാവായ അങ്ങ് അപ്പോഴും എന്നെ തന്നെ നോക്കി കൊണ്ടിരുന്നു. എന്നാൽ മറ്റുള്ളവർക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അവർ രാജാവിനെ അതുപോലെ അനുകരിക്കുന്നതിനു വേണ്ടി അങ്ങയെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ രാജാവായ അങ്ങേയ്ക്ക് മറ്റുള്ളവരെ നോക്കേണ്ട ആവശ്യം ഉണ്ടായില്ല. മറ്റു മൂന്ന് പേരുടെയും നോട്ടത്തിൽ നിന്നാണ് ഞാൻ യഥാർഥ രാജാവിനെ കണ്ടെത്തിയത്.”
രാജാവിന് ബീർബലിൻ്റെ ബുദ്ധിസാമർഥ്യം കണ്ട് വളരെയധികം സന്തോഷമായി. അദ്ദേഹം ബീർബലിനോട് പറഞ്ഞു
“നിങ്ങളുടെ ബുദ്ധിസാമർഥ്യത്തെ കുറിച്ചുള്ള നിരവധി കഥകൾ ഞാൻ കേട്ടിരുന്നു. അതുകൊണ്ടുതന്നെ നിങ്ങളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചപ്പോൾ അതൊന്നു നേരിൽ കാണാൻ തന്നെ തീരുമാനിച്ചു. അതിനുവേണ്ടിയാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്. വളരെ ബുദ്ധിപൂർവം തന്നെ നിങ്ങളതിൽ വിജയിക്കുകയും ചെയ്തു. അതിൽ നമുക്ക് ഒരുപാട് സന്തോഷമുണ്ട്. ഇന്നുമുതൽ നിങ്ങൾ ഇറാൻ രാജാവിൻ്റെ നല്ലൊരു സുഹൃത്തായിരിക്കും.”
ഇതുകേട്ട ബീർബൽ രാജാവിനോട് പറഞ്ഞു
“പരീക്ഷണത്തിൽ വിജയിക്കാൻ കഴിഞ്ഞതിൽ എനിക്കും വളരെയധികം സന്തോഷമുണ്ട്. തീർച്ചയായും അങ്ങയുടെ സുഹൃത്തായിരിക്കുന്നത് എനിക്ക് അഭിമാനകരം തന്നെയാണ്.”
അങ്ങനെ തൻ്റെ സുഹൃത്തായ ഇറാൻ രാജാവിനോടൊപ്പം ഏതാനും ദിവസം ബീർബൽ അദ്ദേഹത്തിൻ്റെ കൊട്ടാരത്തിൽ കഴിഞ്ഞു. അതിനുശേഷം തന്നെ ക്ഷണിച്ചതിന് ഇറാൻ രാജാവിന് നന്ദിയും പറഞ്ഞു അദ്ദേഹം തൻ്റെ രാജ്യത്തിലേക്ക് മടങ്ങുകയും ചെയ്തു.
More Bedtime Stories To Read Online
- പാട്ടിനു കിട്ടിയ സമ്മാനം
- തെനാലിരാമന്റെ കുതിര
- രാജകുമാരിയും തവളയും
- ആനയുടെ തുമ്പിക്കൈയുടെ രഹസ്യം
- മുതല പഠിച്ച പാഠം
English Summary: Bedtime Stories To Read Online In Malayalam – The True King
Love all stories. Keep up the good work.
Nice story
Thank you 😊