രാജാവായ കൃഷ്ണദേവരായർക്ക് കുതിരകളെ വളരെയധികം ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം തന്റെ കൊട്ടാരത്തിൽ കുതിരകളെ പർപ്പിക്കുന്നതിനായി ഒരു വലിയ കുതിരാലയം പണിതിരുന്നു. അതിൽ പലതരത്തിലുള്ള നിരവധി കുതിരകളെയും വളർത്തി. രാജാവിന്റെ ഈ കുതിര സ്നേഹം രാജ്യത്തെങ്ങും പ്രസിദ്ധമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കുതിര വ്യാപാരി രാജാവിനെ മുഖം കാണിക്കാനായി കൊട്ടാരത്തിലെത്തി. എന്നിട്ട് രാജാവിനോടായി ഇപ്രകാരം പറഞ്ഞു.
“അല്ലയോ രാജാവേ, ഞാൻ അയൽ രാജ്യത്തു നിന്നും വരുകയാണ്. എന്റെ പക്കൽ അറേബ്യയിൽ നിന്നും കൊണ്ടു വന്ന ഒരു കുതിരയുണ്ട്. ഞാൻ അതിനെ വിൽക്കുവാൻ വേണ്ടി വന്നതാണ്. അപ്പോഴാണ് അങ്ങയുടെ കുതിര സ്നേഹത്തെക്കുറിച്ച് അറിഞ്ഞത്. ഇത്രയും നല്ല കുതിരയെ മറ്റാർക്കെങ്കിലും നൽകുന്നതിനെക്കാൾ അങ്ങേയ്ക്ക് നൽകുന്നതാണ് ഉചിതമെന്നു തോന്നി. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടേക്കു വന്നത്.”
ഇതു കേട്ടതും രാജാവിന് വളരെയധികം സന്തോഷമായി. അദ്ദേഹം വ്യാപാരിയോട് കുതിരയെ കൊണ്ടുവരുവാൻ ആവശ്യപെട്ടു. കുതിരയെ കണ്ടമാത്രയിൽ തന്നെ രാജാവിനു നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹം ആ വ്യാപാരിയോട് പറഞ്ഞു
“കൊള്ളാം നല്ല ലക്ഷണമൊത്ത കുതിര. എന്റെ കുതിരകളുടെ കൂട്ടത്തിൽ ഈ കുതിര കൂടി വന്നാൽ അതെനിക്ക് വളരെ സന്തോഷം തരുന്ന കാര്യം തന്നെയാണ്.”
ഇതു കേട്ടതും വ്യാപാരി സന്തോഷത്തോടെ രാജാവിനെ അറിയിച്ചു.
“അല്ലയോ രാജാവേ, അങ്ങേയ്ക്ക് കുതിരയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ എനിക്ക് അതിയായ അഹ്ലാദമുണ്ട്. എന്റെ പക്കൽ ഇതുപോലുള്ള രണ്ടു കുതിരകൾ കൂടിയുണ്ട്. ആ കുതിരകളെയും അങ്ങേയ്ക്ക് തീർച്ചയായും ഇഷ്ടപ്പെടും. ആ കുതിരകളും അറേബ്യയിൽ നിന്നുള്ളത് തന്നെയാണ്. ഞാനിന്ന് ഈയൊരു കുതിരയെ മാത്രമാണ് കൊണ്ടു വന്നത്. അങ്ങേയ്ക്ക് വേണമെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആ കുതിരകളെയും ഞാൻ കൊട്ടാരത്തിൽ കൊണ്ടു വരാം.”
കുതിര സ്നേഹിയായ രാജാവിന് ഇതു കേട്ടതും സന്തോഷമായി. അദ്ദേഹം പറഞ്ഞു
“ഇതുപോലെ നല്ല ലക്ഷണമൊത്ത കുതിരകളാണെങ്കിൽ അവയെയും വാങ്ങുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. അങ്ങനെയാണെങ്കിൽ അതിനു മുൻകൂറായി അഞ്ഞൂറ് സ്വർണനാണയങ്ങൾ നിങ്ങൾക്ക് ഇപ്പോൾ തന്നെ നൽകുന്നതായിരിക്കും.”
അഞ്ഞൂറ് സ്വർണനാണയങ്ങൾ മുൻകൂറായി കിട്ടിയപ്പോൾ ആഹ്ലാദഭരിതനായ ആ വ്യാപാരി
“രണ്ട് ദിവസത്തിനുള്ളിൽ തന്നെ മറ്റു രണ്ടു കുതിരകളെയും കൊണ്ട് ഞാൻ മടങ്ങി വരുന്നതായിരിക്കും.”
എന്നു രാജാവിന് ഉറപ്പും നൽകി സ്വർണനാണയങ്ങളും വാങ്ങി പോയി.
രാജാവാകട്ടെ ബാക്കി രണ്ട് കുതിരകളെയും പ്രതീക്ഷിച്ചിരുന്നു. രണ്ടുദിവസം എന്നുള്ളത് രണ്ടാഴ്ചയും രണ്ട് മാസവുമായി എന്നാൽ വ്യാപാരി വന്നതേയില്ല. രാജാവും കൊട്ടാരത്തിലുള്ളവരും എല്ലാം ക്രമേണ ഈ കുതിരയുടെ കാര്യം വിസ്മരിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് കൊട്ടാരത്തിലെ പൂന്തോട്ടത്തിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു മരച്ചുവട്ടിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന തെനാലിരാമനെ കണ്ടത്. രാജാവ് തെനാലിരാമന്റെ അടുത്തേക്ക് പോയി. രാജാവിനെ കണ്ടതും തെനാലിരാമൻ താൻ എഴുതികൊണ്ടിരുന്നത് മറച്ചു വച്ചു. ഇതു കണ്ട രാജാവിന് സംശയമായി. അദ്ദേഹം തെനാലിരാമനോട് ചോദിച്ചു.
“നിങ്ങളെന്താണ് എഴുതികൊണ്ടിരുന്നത്? എന്നെ കണ്ടപ്പോൾ എന്തുകൊണ്ടാണ് അത് മറച്ചു വച്ചത്?”
എന്നാൽ തെനാലിരാമൻ ഇതിനു മറുപടിയൊന്നും പറയാതെ മിണ്ടാതെ നിന്നു. അപ്പോൾ രാജാവിന് സംശയവും ആകാംഷയും വർധിച്ചു. ഒടുവിൽ രാജാവിന്റെ നിർബദ്ധം കാരണം തെനാലിരാമന് താൻ എഴുതി കൊണ്ടിരുന്നത് രാജാവിന്റെ കൈയിൽ കൊടുക്കേണ്ടി വന്നു. അത് വാങ്ങി വായിച്ചു നോക്കിയ രാജാവ് തെനാലിരാമനോട് ചോദിച്ചു.
“ഇതെന്താണ് ഇതിൽ നമ്മുടെ രാജ്യത്തെ ഒരുപാട് പേരുടെ പേരുകൾ എഴുതിയിട്ടുണ്ടല്ലോ? ഇതിൽ ആദ്യത്തെ പേര് എന്റേതാണല്ലോ. എന്തിനാണ് ഇങ്ങനെ പേരുകൾ എഴുതി കൊണ്ടിരുന്നത്?
ഇതു കേട്ട തെനാലിരാമൻ പറഞ്ഞു
“അങ്ങ് കോപിക്കാതിരിക്കുമെങ്കിൽ മാത്രം ഇതിനുള്ള ഉത്തരം ഞാൻ പറയാം.”
രാജാവ് കോപിക്കുകയില്ലെന്ന് തെനാലിരാമന് ഉറപ്പു കൊടുത്തു.
രാജാവിന്റെ ഉറപ്പു കിട്ടിയപ്പോൾ തെനാലിരാമൻ പറഞ്ഞു.
“ഞാൻ ഈ രാജ്യത്തിലെ വിഡ്ഢികളുടെ കണക്കെടുക്കുകയായിരുന്നു. അതിനു വേണ്ടിയാണ് ഈ പേരുകൾ എഴുതിയത് “.
ഇതു കേട്ട രാജാവ് അമ്പരന്നു.
“അങ്ങനെയാണെങ്കിൽ എന്റെ പേരാണല്ലോ ഇതിൽ ആദ്യം എഴുതിയിരിക്കുന്നത്. അതെന്തിനാണ്?”
ഉടൻ തന്നെ തെനാലിരാമൻ രാജാവിനെ കുതിര വ്യാപാരിയുടെ കാര്യം ഓർമിപ്പിച്ചു. ഒരു പരിചയവും ഇല്ലാത്ത ഒരാൾക്ക് അഞ്ഞൂറ് സ്വർണനാണയം മുൻകൂറായി നൽകിയ രാജാവിന്റെ വിഡ്ഢിത്തത്തെക്കുറിച്ചും പറഞ്ഞു.
അപ്പോൾ രാജാവ് തെനാലിരാമനോട് ചോദിച്ചു.
“അങ്ങ് എന്താണ് കരുതുന്നത്? ഇനി ഒരിക്കലും ആ കുതിര വ്യാപാരി വരില്ല എന്നാണോ?”
ചിരിച്ചു കൊണ്ട് തെനാലിരാമൻ പറഞ്ഞു.
“ഒരിക്കലും അയാൾ തിരിച്ചു വരാൻ പോകുന്നില്ല. ഇനിയൊരു പക്ഷേ അയാൾ വരുകയാണെങ്കിൽ ഞാനിതിൽ അങ്ങയുടെ പേര് മാറ്റി പകരം ആ കുതിര കച്ചവടക്കാരന്റെ പേരെഴുതും.”
ഇതു കേട്ട രാജാവിനു തന്റെ വിഡ്ഢിത്തം മനസ്സിലായി. അദ്ദേഹം പിന്നീട് ഒരിക്കലും അപരിചിതരെ കണ്ണുമടച്ച് വിശ്വസിച്ചതേയില്ല.
രാജ്യത്തിലെ ഏറ്റവും വലിയ വിഡ്ഢി കഥ കേൾക്കാം
Read More Funny Bedtime Stories
- കർഷകന്റെ കിണർ
- ഒട്ടകവും വ്യാപാരിയും
- സത്യസന്ധനായ മരംവെട്ടുകാരൻ
- പാട്ടിനു കിട്ടിയ സമ്മാനം
- ബീർബലിന്റെ കിച്ചടി
English Summary: Funny bedtime stories for children -The biggest fool in the Kingdom
The biggest fool in the Kingdom is one of the funny bedtime stories of Tenali Raman. This story can tell to children as one of the funny bedtime stories. The plot of the story is that Tenali Raman points out a mistake made by King Krishnadevaraya. Here you can see Tenali Raman handling the situation with humor without offending the king with his intellect. Don’t forget to tell this story to your children as one of the funny bedtime stories.
Wow it is good
Super story🥰🥰
Wonderful stories ❤ I like the story .
Thank you 😊
I love these types of stories…..👍👍👍👍👍👍
And it will give moral also 🤩🤩🤩🤩🤩
Good ok…..👋👋👩🏻🦰👩🏻🦰👩🏻🦰
From krishnapriya k 6A…
Thank you 😊